വടക്കാഞ്ചേരി: മച്ചാട് മാമാങ്കത്തിന്റെ വിളംബര പത്രിക പ്രകാശനച്ചടങ്ങ് മച്ചാട് തിരുവണിക്കാവ് ക്ഷേത്ര സന്നിധിയിൽ നടന്നു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കമ്മിഷണർ ഒഫ് പൊലീസ് സി.ആർ. സന്തോഷ് വിളംബരപത്രിക പ്രകാശനം ചെയ്തു. മച്ചാട് മാമാങ്കം പനങ്ങാട്ടുകര വിഭാഗം പ്രസിഡന്റ് കെ.കെ. ശിവദാസ് അദ്ധ്യക്ഷനായി.
ഒരു തട്ടകത്തിന്റെ മാത്രം ഉത്സവമല്ല മച്ചാട് മാമാങ്കമെന്നും ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഉത്സവമാണെന്നും അദ്ദേഹം പറഞ്ഞു. അക്കിക്കര ഇല്ലത്ത് കൃഷ്ണകുമാർ ഇളയത് ആദ്യ പ്രതി ഏറ്റുവാങ്ങി. അക്കിക്കര ഇല്ലത്ത് ജയരാജ് ഇളയത് ആദ്യ സംഭാവന നൽകി.
തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, പനങ്ങാട്ടുകര ദേവസ്വം ഓഫീസർ എ. സുരേഷ്, വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ കൃപകുമാർ, മച്ചാട് തെക്കുംകര വിഭാഗം പ്രസിഡന്റ് രഘു പാലിശ്ശേരി, പുന്നംപറമ്പ് വിഭാഗം പ്രസിഡന്റ് കെ. രാമചന്ദ്രൻ , ഉത്രാളിക്കാവ് പൂരക്കമ്മിറ്റി എങ്കക്കാട് ദേശം പ്രസിഡന്റ് ടി.പി. ഗിരീശൻ , മച്ചാട് മാമാങ്കം തെക്കുംകര, മണലിത്തറ, കരുമത്ര, വിരുപ്പാക്ക, പാർളിക്കാട് എന്നീ തട്ടക പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരി 20 നാണ് പ്രസിദ്ധമായ മച്ചാട് മാമാങ്കം. പനങ്ങാട്ടുകര, കല്ലംപാറ ദേശക്കാരാണ് ഈ വർഷത്തെ ഊഴക്കാർ.