ചാലക്കുടി: കിഫ്ബിയിൽ മൂന്ന് കോടി രൂപ അനുവദിച്ച് വർഷങ്ങൾ പിന്നിടുമ്പോഴും എങ്ങുമെത്താതെ പുതിയ മാർക്കറ്റ് കെട്ടിടം നിർമ്മാണം. മുൻ എം.എൽ.എ ബി.ഡി. ദേവസ്സിയുടെ ശ്രമഫലമായി പദ്ധതി അനുവദിക്കുമ്പോൾ രണ്ടു വർഷത്തിനകം ലക്ഷ്യം കാണുമെന്നായിരുന്നു പ്രഖ്യാപനം.
പുതിയ കെട്ടിടം നിർമ്മിച്ച് മാർക്കറ്റ് നവീകരിക്കലാണ് ലക്ഷ്യം. തീരദേശ കോർപറേഷന് നിർമ്മാണ ചുമതലയും നൽകിയിരുന്നു. എന്നാൽ നിർമ്മാണപ്രവൃത്തികൾക്ക് സ്ഥലം ഒരുക്കിക്കൊടുക്കാൻ നഗരസഭാ ഭരണസമിതി തന്നെ തയ്യാറാകാത്തതാണ് കാലതാമസത്തിന് കാരണമെന്നാണ് ആരോപണം.
ഇപ്പോൾ കച്ചവടം നടത്തുന്ന 12 പേരെ താത്കാലികമായി മറ്റൊരിടത്തേക്ക് മാറ്റിയ ശേഷമേ കെട്ടിട നിർമ്മാണം ആരംഭിക്കാൻ കഴിയൂ. ഇവർക്ക് താത്കാലിക ഷെഡ് പണിത് നൽകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ടെൻഡർ നടപടികൾ പോലും ആരംഭിക്കാൻ ഭരണസമിതി തയ്യാറാകുന്നില്ലെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് പറഞ്ഞു. മാസങ്ങളായി ദുർഗന്ധപൂരിതമായ നിലയിലാണ് മാർക്കറ്റിന്റെ അവസ്ഥ.