thiruvatira

ചാലക്കുടി: അന്നനാട് നായർ കരയോഗം വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അഖിലകേരള തിരുവാതിരക്കളി മത്സരം സംഘടിപ്പിച്ചു. ഇരുപത് ടീമുകൾ പങ്കെടുത്തു. അന്നനാട് വേലുപ്പിള്ളി ദേവസ്വം അയ്യപ്പഹാളിൽ കരയോഗം പ്രസിഡന്റ് പ്രദീപ് പുഞ്ചപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മേൽശാന്തി മംഗലപിള്ളി നാരായണൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു. സമാപന സമ്മേളനം സംസ്‌കൃത സർവകലാശാല അദ്ധ്യാപിക ഡോ.കവിതാ സോമൻ ഉദ്ഘാടനം നിർവഹിച്ചു. വനിതാ സംഘം പ്രസിഡന്റ് ഓമന കൃഷ്ണൻകുട്ടി അദ്ധ്യക്ഷയായി.

മികച്ച തിരുവാതിര പ്രതിഭ ചിറക്കൽ അംബുജാക്ഷി ടീച്ചറെ ആദരിച്ചു. വേലുപ്പിള്ളി ദേവസ്വം പ്രസിഡന്റ് ബാബു തോമ്പ്ര, വനിതാ സംഘം സെക്രട്ടറി പദ്മിനി ഗോവിന്ദൻകുട്ടി, പ്രദീപ് പുഞ്ചപ്പറമ്പിൽ, വി.വി.സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. കൊടകര വല്ലപ്പാടി തിരുവാതിര സംഘം ഒന്നാം സ്ഥാനം നേടി. മാള തൻകുളം തിരുവാതിര സംഘം, വെസ്റ്റ് കൊരട്ടി സംഘം എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.