elephant

വെറ്റിലപ്പാറ: ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിന് സമീപം കൊമ്പനാന ഇറങ്ങി, റോഡിലെ ഗതാഗതം സ്തംഭിച്ചു. ഞായറാഴ്ച പുലർച്ചെ ഒന്നര മണിക്കൂർ നേരമാണ് കട്ടപ്പ എന്ന ആന റോഡിന് കുറുകെ നിന്നത്. പരിസരത്തെ എണ്ണപ്പന മറിച്ചിട്ടും പട്ടകൾ തിന്നും ഇവൻ കുസൃതി കാട്ടിയതോടെ റോഡിന് ഇരുഭാഗത്തുമായി പത്തോളം വാഹനങ്ങൾ കുടുങ്ങി.

മിൽമയുടെ ലോറിയും വിനോദസഞ്ചാരികളുടെ വാഹനങ്ങളുമാണ് റോഡിൽ കിടന്നത്. പിന്നീട് ആന ഉൾക്കാട്ടിലേക്ക് വലിഞ്ഞതോടെ വാഹന യാത്രികർക്ക് ആശ്വാസമായി. തുടർന്ന് ഡ്രൈവർമാരും മറ്റും ചേർന്ന് തടസം മാറ്റി യാത്ര തുടർന്നു. അടിച്ചിലി ഏഴാറ്റും റോഡിലെ ചെക്ക് പോസ്റ്റിന് സമീപത്തായിരുന്നു ആനയുടെ വിളയാട്ടം. മാസങ്ങൾക്ക് മുൻപും കട്ടപ്പ റോഡിലിറങ്ങി തടസമുണ്ടാക്കിയിട്ടുണ്ട്.