
തൃശൂർ: പൊലീസ് ലാത്തിച്ചാർജിനിടെ എതിരെ നിൽക്കുന്നവർക്ക് കാലും കൈയുമുണ്ടോയെന്ന് നോക്കുമോയെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ പരിഹാസം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഭിന്നശേഷിക്കാരനായ യുവാവിനെ മർദ്ദിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊടിയും പിടിച്ച് മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ പോകുന്നത് വികലാംഗന്റെ പണിയാണോ?. ആ പാവത്തെ പറഞ്ഞയച്ചവർക്കെതിരെയാണ് വികാരം ഉണരേണ്ടത്. വി.ഡി. സതീശനോ കെ. സുധാകരനോ തല്ലുകൊള്ളാൻ ഉണ്ടായിരുന്നില്ലല്ലോ. വടി കാണുമ്പോൾ അവർ ഓടും. ഗൺമാന്മാരെ ആക്രമിക്കുന്നത് ശരിയാണോ?. ഗൺമാന്മാർ ഫേസ്ബുക്കിൽ നടത്തിയ വെല്ലുവിളിയെല്ലാം രണ്ടാമത്തെ കാര്യമാണ്.
സംസ്ഥാനത്തിനും ജനങ്ങൾക്കും അപമാനമായ ഗവർണറെ കേന്ദ്രം തിരിച്ചുവിളിക്കണം. ഗവർണർ പദവിയെക്കുറിച്ച് അദ്ദേഹത്തിന് ഒരു നിശ്ചയവുമില്ല. കാറിൽ നിന്ന് ചാടിയിറങ്ങി അടിപിടിക്ക് പോകുന്ന മട്ടിലാണ് ഗവർണർ ഇറങ്ങിയത്. ആർ.എസ്.എസിന്റെ ഗുണ്ടകളെ യൂണിവേഴ്സിറ്റിയിൽ താമസിപ്പിച്ചു. ഗവർണറെ ചികിത്സിപ്പിക്കാൻ കോടതിയിൽ പോകാനാവില്ലല്ലോ എന്നും ഇ.പി പരിഹസിച്ചു.
ഗവർണർ ജനങ്ങളെയും ഭരണത്തെയും വെല്ലുവിളിക്കുന്നു: വി. ശിവൻകുട്ടി
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെ ജനങ്ങളെയും ഭരണ സംവിധാനത്തെയും വെല്ലുവിളിക്കുകയാണെന്നും ഇതുപോലൊരു ഗവർണർ മറ്റൊരു സംസ്ഥാനത്തും കാണില്ലെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പത്തനാപുരം മണ്ഡലത്തിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്ന രീതിയിലാണ് യു.ഡി.എഫ് പ്രവർത്തിക്കുന്നത്. യു.ഡി.എഫിനെ സഹായിക്കുന്ന സമീപനമാണ് ഗവർണർ സ്വീകരിക്കുന്നത്. ഒരു ഗവർണർ ജനാധിപത്യ സംവിധാനത്തിൽ ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് വിളിച്ചുപറയുന്നത്. ക്രിമിനൽ, ബ്ളഡി റാസ്കൽ, ബ്ളഡി കണ്ണൂർ എന്നിവ ആവർത്തിക്കുകയാണ്. ബി.ജെ.പിക്ക് ഇല്ലാത്ത ഭയഭക്തി ബഹുമാനമാണ് യു.ഡി.എഫിന് ഗവർണറോട്. ഭരണം സ്തംഭിപ്പിക്കാൻ യു.ഡി.എഫും ഗവർണറും കേന്ദ്രവും ഒരുമിച്ച് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ കേരളത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നു: കെ. രാധാകൃഷ്ണൻ
കേരള വികസനത്തെ പിന്നോട്ടടിപ്പിക്കാനാണ് സംസ്ഥാന തലവനായ ഗവർണർ ശ്രമിക്കുന്നതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പുനലൂരിലെ നവകേരള സദസിൽ പറഞ്ഞു. മന്ത്രിസഭയ്ക്കൊപ്പം നിന്ന് ജനങ്ങളെ പുരോഗതിയിലേക്ക് നയിക്കേണ്ട ഗവർണർ റോഡിലിറങ്ങി വിദ്യാർത്ഥി സമരത്തെ നേരിടുന്നു. കൂടുതൽ പ്രകോപനമുണ്ടാക്കി വഷളാക്കുന്നു.
സംഘപരിവാർ പറയുന്നതനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ഗവർണറുണ്ടെന്നതാണ് നമ്മുടെ ദുരവസ്ഥ. കഴിഞ്ഞ സർക്കാരിനെ തകർക്കാനും പലവിധത്തിൽ ശ്രമമുണ്ടായി. എന്നാൽ എല്ലാ ആക്ഷേപങ്ങളും ജനസമക്ഷത്തിൽ പെരുപ്പിച്ച് അവതരിപ്പിച്ചിട്ടും ജനങ്ങൾ വിശ്വാസമർപ്പിച്ചത് എൽ.ഡി.എഫിലാണ്. അങ്ങനെയാണ് കേരള ചരിത്രത്തിലാദ്യമായി ഒരു സർക്കാരിന് ഭരണത്തുടർച്ച കിട്ടുന്നത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊക്കെയും സർക്കാർ പാലിച്ചുവരുന്നു. 2024 നവംബർ ഒന്നിനകം സംസ്ഥാനത്തെ 64006 അതി ദരിദ്രരെ ഉന്നതിയിലേക്ക് ഉയർത്താനുള്ള പരിശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.