തൃപ്രയാർ : നാട്ടിക പഞ്ചായത്ത് മുൻ യു.ഡി.എഫ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് ഭരണസമിതി. യു.ഡി.എഫ് കൊണ്ടുവന്ന ഉന്നം പദ്ധതിയിൽ വൻ അഴിമതി നടന്നതായി നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.ദിനേശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. എം.എ യൂസഫലി നൽകിയ 30 ലക്ഷം രൂപയടക്കം 50 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് ആരോപണം.
പദ്ധതികൾ ഒന്നും നടപ്പിലാക്കിയിട്ടില്ല. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാൻ ഭരണസമിതി തീരുമാനിച്ചതായി പ്രസിഡന്റ് അറിയിച്ചു. തൃപ്രയാർ ജംഗ്ഷനിലെ സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കൽ, ഡിവൈഡർ നിർമ്മാണം എന്നിവ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് നടന്നത്. ബി.ഒ.ടി അടിസ്ഥാനത്തിൽ കരാർ കൊടുത്തുവെന്നാണ് അന്നത്തെ യു.ഡി.എഫ് ഭരണസമിതി പറഞ്ഞത്. യു.ഡി.എഫ് പഞ്ചായത്ത് പ്രസിഡന്റും പരസ്യകമ്പനിയുമായുള്ള തട്ടിക്കൂട്ട് കരാറായിരുന്നു അത്.
അന്നത്തെ പരസ്യത്തിന്റെ ലാഭവിഹിതം അവർ പങ്കിട്ടെടുത്തു. 2023 ഒക്ടോബർ മാസം കരാർ കാലാവധി അവസാനിച്ചു. കാലാവധി കഴിഞ്ഞിട്ടും പരസ്യം സ്ഥാപിച്ചപ്പോൾ നിറുത്തണമെന്ന് ആവശ്യപ്പെട്ട് കരാറുകാരന് പഞ്ചായത്ത് കത്ത് നൽകുകയും ചെയ്തതായി പ്രസിഡന്റ് പറഞ്ഞു. നിയമപരമായ രീതിയിൽ പഞ്ചായത്ത് ഡിവൈഡർ എറ്റെടുക്കും. നിലവിൽ പഞ്ചായത്തിന് പരസ്യനികുതിയിൽ നിന്നും നഷ്ടപ്പെട്ടിട്ടുള്ള തുക കണ്ടെത്തുന്നതിന് ഭരണസമിതി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതായും പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു, അംഗങ്ങളായ കെ.ബി.ഷൺമുഖൻ, കെ.കെ.സന്തോഷ്, ഐഷാബി അബ്ദുൾ ജബ്ബാർ, നിഖിത പി.രാധാകൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.