
വടക്കാഞ്ചേരി : വെങ്ങിണിശ്ശേരി നാരായണാശ്രമ തപോവനവും പാർളിക്കാട് ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും സംയുക്തമായി സംഘടിപ്പിക്കുന്ന 22ാമത് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാ സത്ര വേദിയിൽ സ്ഥാപിക്കാനുള്ള ശ്രീകൃഷ്ണവിഗ്രഹം വഹിച്ചുള്ള രഥയാത്ര ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപം തെളിച്ച് ആരതി നടത്തി. തുടർന്ന് നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ, ക്ഷേത്രം അസിസ്റ്റന്റ് മാനേജർ കെ.പ്രദീപ്കുമാർ, ക്ഷേത്രം മുൻ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ കെ.പി.കരുണാകരൻ, ഭാഗവതാചാര്യൻ ഗുരുവായൂർ മണിസ്വാമി, വി.അച്യുതക്കുറുപ്പ്, ഗുരുവായൂർ കണ്ണൻസ്വാമി എന്നിവരും സത്രസമിതിക്കായി കൺവീനർ കെ.വിജയൻ മേനോനും വിഗ്രഹത്തിൽ മാല ചാർത്തി. സത്രഭാരവാഹികളായ ടി.പുരുഷോത്തമൻ മാസ്റ്റർ, എ.കെ.ഗോവിന്ദൻ, ബാബുരാജ് കേച്ചേരി, സി.കെ.സുധീർ, ഇ.ഉണ്ണികൃഷ്ണൻ, സി.ജി.ശശീന്ദ്രൻ എന്നിവരും സന്നിഹിതരായി. കൃഷ്ണവിഗ്രഹം വഹിച്ചുള്ള രഥയാത്ര 60 ഓളം കേന്ദ്രങ്ങളിൽ നിന്നും ദ്രവ്യസമർപ്പണങ്ങളോടെയുള്ള സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് എട്ടിന് പാർളിക്കാട് വെള്ളത്തിരുത്തി ക്ഷേത്രത്തിലെത്തിച്ചേർന്നു.