തൃശൂർ: അവഗണനയല്ല, പ്രതികാരമാണ് സംസ്ഥാനത്തോട് കേന്ദ്രം ചെയ്യുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. കേരളത്തെ ഞെരുക്കാനാണ് ശ്രമം. നികുതി പിരിക്കാൻ പോലും അവകാശമില്ലെന്നവിധം സംസ്ഥാനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. സംസ്ഥാനത്തിന് വിവിധ പദ്ധതികളിലായി നൽകാനുള്ള തുക കിട്ടിയാൽ പ്രതിസന്ധി തീരുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
കേന്ദ്രഅവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം അവഗണിക്കുമ്പോൾ സംസ്ഥാനത്തോടൊപ്പം നിൽക്കേണ്ട പ്രതിപക്ഷത്തിന് കേന്ദ്രാനുകൂല നിലപാടാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ.പി. രാജേന്ദ്രൻ അദ്ധ്യക്ഷനായി.
എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി. അബ്ദുൾ ഖാദർ, കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, എ.വി. വല്ലഭൻ, സാബു ജോർജ്, സി.ആർ. വത്സൻ, വിൻസെന്റ് പുത്തൂർ, ജില്ലാ പ്രസിഡന്റ് ഗോപിനാഥൻ താറ്റാട്ട്, പോൾസൺ മാത്യു, പോൾ എം. ചാക്കോ, എം.എം. വർഗീസ്, കെ.കെ. വത്സരാജ്, ബേബി ജോൺ, എൻ.ആർ. ബാലൻ, എം.കെ. കണ്ണൻ, പി. ബാലചന്ദ്രൻ എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, കെ.കെ. രാമചന്ദ്രൻ എം.എൽ.എ, യു.പി. ജോസഫ് എന്നിവർ സംസാരിച്ചു.