1

തൃശൂർ: സി.എൻ. ബാലകൃഷ്ണൻ അനുസ്മരണം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ വിശദീകരണം പോലും തേടാതെ ഡി.സി.സി പ്രസിഡന്റ് തന്നെ സസ്‌പെൻഡ് ചെയ്‌തെന്ന ആരോപണവുമായി അടാട്ട്‌ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ലിന്റോ വരടിയം. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. വരടിയത്ത് ദളിത് വിഭാഗക്കാരനായ ഡി.സി.സി സെക്രട്ടറി എം.എ. രാമകൃഷ്ണനെ പരസ്യമായി മർദിച്ചതിന് പേരാമംഗലം പൊലീസ് കേസെടുത്ത മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.വി. ബിജുവിനെ ഡി.സി.സി സംരക്ഷിക്കുകയാണെന്നും ലിന്റോ ആരോപിച്ചു.
ഈമാസം പത്തിന് വരടിയത്ത് 97-ാം നമ്പർ ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച സി.എൻ. ബാലകൃഷ്ണൻ അനുസ്മരണത്തിന്റെ പേരിലാണ് ലിന്റോയ്ക്കെതിരെ നടപടിയെടുത്തതത്രെ. ഡി.സി.സി ജനറൽ സെക്രട്ടറി രാമകൃഷ്ണനായിരുന്നു ഉദ്ഘാടകൻ. പരിപാടിക്ക് ശേഷം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മറ്റൊരു അനുസ്മരണവും നടന്നു. പിന്നീട് വരടിയത്ത് ഒരു ബേക്കറിയിൽ ഇരിക്കുമ്പോഴാണ് രാമഷ്ണനെ ബിജു പരസ്യമായി മർദിച്ചത്. കണ്ണിന് പരക്കേറ്റ് രാമകൃഷ്ണൻ മൂന്ന് ദിവസം ആശുപത്രിയിലായിരുന്നു. പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ലിന്റോ ആരോപിച്ചു.

പേരാമലംഗലം പൊലീസിൽ കൊടുത്ത പരാതിയിൽ ബിജുവിനെതിരെ കേസെടുത്തിട്ടുണ്ട്. രാമകൃഷ്ണനെ മർദിച്ച ബിജുവിനെതിരെ നടപടി ആവശ്യപ്പെട്ടും തന്നെ അകാരമായി സസ്‌പെൻഡ് ചെയ്തതിനതിരെയും കെ.പി.സി.സി നേതൃത്വത്തിന് താനും അവണൂർ മണ്ഡലം കോൺഗ്രസിലെ ഭാരവാഹികളും പരാതി നൽകുമെന്നും ലിന്റോ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മണ്ഡലം കോൺഗ്രസ് സെക്രട്ടറി പി.ജെ. പോൾസണും ബൂത്ത് പ്രസിഡന്റ് വാറുണ്ണി പാറക്കലും പങ്കെടുത്തു.