
പെരിങ്ങോട്ടുകര : പൈനൂർ ആമലത്തുകുളങ്ങര ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലെ അഷ്ടമംഗല പ്രശ്‌ന പരിഹാര കർമ്മങ്ങളുടെ ഭാഗമായി പാമ്പിൻകാവിൽ പുന:പ്രതിഷ്ഠാ ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്രം തന്ത്രി ചെറുമുക്ക് മന ഹരിദത്തൻ നമ്പൂതിരി, ജാതവേദൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, അഴകത്ത് അനിയൻ നമ്പൂതിരി, പച്ചാംപ്പുള്ളി രമേശൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ. ഇന്നലെ രാവിലെ മഹാസുദർശന ഹോമം, തൃഷ്ടുപ്പ്, പൈതൃക ബാധദുരിത വേർപാട്, ലളിതാസഹസ്രനാമജപം എന്നിവയുണ്ടായി. ഇന്ന് രാവിലെ വിഷ്ണുസഹസ്രനാമജപം, ത്രികാലപൂജ, വൈകീട്ട് ലളിതാ സഹസ്രനാമജപം എന്നിവയുണ്ടാകും. നാളെ മഹാഗണപതി ഹോമം, സുകൃതഹോമം, വിഷ്ണുസഹസ്ര നാമജപം എന്നിവയ്ക്ക് ശേഷം രാവിലെ പാമ്പിൻകാവിൽ പുന:പ്രതിഷ്ഠ നടക്കും. വൈകീട്ട് വിളിച്ചുചൊല്ലി പ്രായശ്ചിത്തം, സുമംഗലി പൂജ എന്നിവയുമുണ്ടാകും. 21ന് ചടങ്ങുകൾ സമാപിക്കും.