ചാലക്കുടി: അമ്മയുടെ സാമൂഹിക ക്ഷേമ പെൻഷൻ തടയണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയ മകനെതിരെ നിയമപരമായ നടപടി സ്വീകരിക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. പന്ത്രണ്ടാം വാർഡിലെ കൂടപ്പുഴയിലുള്ള 85 വയസുകാരി വൃദ്ധയുടെ പെൻഷൻ റദ്ദാക്കണമെന്നാണ് മകൻ നഗരസഭാ സെക്രട്ടറിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്.
ഇത് സംബന്ധിച്ച് ഐ.സി.ഡി.എസ് സൂപ്പർവൈസർ പരിശോധന നടത്തയതിൽ ഇവർക്ക് പെൻഷന് അർഹതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. മക്കൾക്ക് ഏക്കർ കണക്കിന് സ്ഥലമുള്ളപ്പോൾ മാതാവിന് പെൻഷൻ നൽകുന്നത് നിയപരമായി തടസമുണ്ടെന്ന് നഗരസഭാ സെക്രട്ടറി യോഗത്തിൽ ചൂണ്ടിക്കാട്ടി. മക്കളാരും വൃദ്ധയെ തിരിഞ്ഞു നോക്കുന്നില്ലെന്നും അവരുടെ പ്രാഥമിക ആവശ്യങ്ങൾപോലും നിഷേധിക്കുകയാണെന്നും വാർഡ് കൗൺസിലർ സൂസി സുനിൽ ചൂണ്ടിക്കാട്ടി. ഇവർക്ക് പെൻഷൻ നൽകണമെന്ന് കൗൺസിൽ ഐക്യകണ്‌ഠേന തീരുമാനിച്ചു. വൃദ്ധമാതാവിനെ പീഡിപ്പിക്കുന്ന മക്കൾക്കെതിരെ കളക്ടറെ നേരിൽക്കണ്ട് പരാതി നൽകാനും ചെയർമാൻ എബി ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇവരെ സംരക്ഷിക്കുന്ന സാമൂഹിക ക്ഷേമ വകുപ്പിൽ കത്ത് നൽകണമെന്ന് വി.ജെ.ജോജി ആവശ്യപ്പെട്ടു.