 
തൃശൂർ: പൂരനഗരിയിൽ പുഷ്‌പോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ. 22 മുതൽ ജനവരി ഒന്നു വരെ തേക്കിൻകാട് മൈതാനിയിലാണ് ട്രിച്ചൂർ അഗ്രിഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ മുഖ്യസംഘാടനത്തിൽ കോർപറേഷൻ, കൊച്ചിൻ ദേവസ്വം ബോർഡ്, ജില്ലാ പഞ്ചായത്ത്, കാർഷിക സർവകലാശാല, കൃഷിവകുപ്പ്, വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല, ചേംബർ ഒഫ് കോമേഴ്‌സ് എന്നിവയുടെ സഹകരണത്തോടെ പുഷ്‌പോത്സവം നടക്കുന്നത്.
22ന് വൈകീട്ട് കളക്ടർ വി.ആർ. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യും. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനാകും. വിവിധതരത്തിലുള്ള മറ്റു സ്റ്റാളുകളും കുട്ടികളുടെ അമ്യൂസ്‌മെന്റ് പാർക്കും പ്രദർശനനഗരിയിൽ ഉണ്ടാകും. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രവേശനം. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കെ. രാധകൃഷ്ണൻ, ടി.വി. ചന്ദ്രൻ, വിനോദ് കുറുവത്ത്, അനിൽ പൊറ്റേക്കാട്ട്, സി.എൽ. ജോയി എന്നിവർ പങ്കെടുത്തു.
ആസ്‌ട്രേലിയ, ജപ്പാൻ, യു.കെ, ഇന്ത്യോനേഷ്യ, തായ്‌ലൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ, വൈവിദ്ധ്യമാർന്നതുമായ ചെടികളുടെ പ്രദർശനവും ഇത്തവണത്തെ പ്രത്യേകതയാണ്. ലില്ലി പില്ലി യൂജിനിയ, യെല്ലോതുജ, സിംഗ്പ്ലാന്റ് തൂജ ട്വിസ്റ്റഡ്, വാലിസി കാമോ ഫ്‌ളെയ്ജ്, ടെലികോണിയ, ട്രിസ്റ്റഡ് സീന തുടങ്ങി വിവിധതരത്തിലുള്ള വിദേശ ചെടികളുടെ വലിയ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. ആയിരത്തിലേറെ ചെടികളുടെ ശേഖരമാണ് പ്രദർശിപ്പിക്കുന്നത്.