1

തൃശൂർ: കോർപറേഷന്റെയും ചേംബർ ഒഫ് കോമേഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഇക്കണ്ടവാര്യർ റോഡിലെ ജോസ് ആലുക്കാസ് സ്‌ക്വയറിൽ ഫുഡ് കോർട്ടും മ്യൂസിക് ബാൻഡ് മത്സരവും സംഘടിപ്പിക്കുമെന്ന് ചേംബർ ഒഫ് കോമേഴ്‌സ് ഭാരവാഹികൾ അറിയിച്ചു. ഡിംസംബർ 22 മുതൽ 31 വരെ പ്രവർത്തിക്കുന്ന ഫുഡ് കോർട്ടിൽ അന്ന് മുതൽ 30 വരെ ബാൻഡ് മത്സരങ്ങൾ സംഘടിപ്പിക്കും.

9 ദിവസങ്ങളിൽ വൈകിട്ട് അഞ്ചുമുതൽ ഫുഡ്‌കോർട്ടിൽ പ്രൊഫഷണൽ ബാൻഡുകളുടെയും സംഗീതവിരുന്നും ഉണ്ടാകും. സംഗീത സംവിധായകനായ അൽഫോൺസ് ജോസഫ്, കീബോർഡ് മ്യൂസിഷൻ സ്റ്റീഫൻ ദേവസ്സി, പിന്നണിഗായികമാരായ രഞ്ജിനി ജോസ്, സിത്താര കൃഷ്ണകുമാർ, സയനോര തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ പങ്കെടുക്കും.

ബാൻഡ് മത്സരത്തിൽ ഒന്നാം സമ്മാനം നേടുന്ന ബാൻഡിന് ഒരു ലക്ഷം രൂപയും, രണ്ടാം സമ്മാനം നേടുന്ന വിജയിക്ക് 30,000 രൂപയും, മൂന്നാം സ്ഥാനം നേടുന്ന ബാൻഡിന് 20,000 രൂപയും സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് സജീവ് മഞ്ഞില, കിരൺ എസ്. പാലക്കൽ, ടോജോ മാത്യു, ജോസ് ടോണി, സുചേത രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

കണ്ണൂർ മുതൽ കാസർകോട് വരെയുള്ള പരമ്പരാഗത കേരളവിഭവങ്ങളും, വിദേശവിഭവങ്ങളും, വ്യത്യസ്ത ഐസ്‌ക്രീമുകളും, കേക്കുകളും, പലഹാരങ്ങളും ഉൾപ്പെടെ രുചിയുടെ വൈവിദ്ധ്യം ഫുഡ്‌കോർട്ടിലുണ്ടാകും.