തൃശൂർ: അന്താരാഷ്ട്ര ഹാർമണി ഫെസ്റ്റിവലിന്റെ ഭാഗമായുള്ള അവാർഡ് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് നൽകും. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഹാർമണി ഫെസ്റ്റിന്റെ സമാപനദിനമായ ജനുവരി 14ന് സമ്മാനിക്കുമെന്ന് അവാർഡ് ജൂറി അംഗം ഫാ. ഡോ. പോൾ പൂവ്വത്തിങ്കൽ പറഞ്ഞു. അഴീക്കോട് മാർത്തോമ തീർത്ഥാടന കേന്ദ്രത്തോട് അനുബന്ധിച്ച് കഴിഞ്ഞ 10 വർഷങ്ങളായി നടത്തിവരുന്ന ഏറ്റവും വലിയ മതസൗഹാർദ്ദ നൃത്ത സംഗീതോത്സവമാണ് ഹാർമണി ഫെസ്റ്റ്. കേരളത്തിനകത്തും പുറത്തും നിന്നുള്ള പ്രതിഭകൾ അണിനിരക്കുന്ന ജനകീയ മേളയായ ഹാർമണി ഫെസ്റ്റ് ജനുവരി 12,13,14 തീയതികളിലായാണ് സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ ഡോ. സി.കെ. തോമസ്, പ്രൊഫ. വി.എ. വർഗീസ്, ബേബി മൂക്കൻ, ജോൺസൺ കാഞ്ഞിരത്തിങ്കൽ എന്നിവരും പങ്കെടുത്തു.