kau

കീടനാശിനിയോട് പറയാം ഗുഡ്‌ബൈ


തൃശൂർ: ചിലന്തികളെക്കൊണ്ട് എന്തു കാര്യമെന്ന് ചിന്തിക്കുംമുൻപ് മണ്ണുത്തി കെ.എ.യു ഹൈസ്‌കൂളിലെ പത്താംക്‌ളാസ് വിദ്യാർത്ഥിനികളുടെ പഠനത്തെപ്പറ്റി അറിയണം. നെൽപ്പാടങ്ങളിലെ കീടങ്ങളെ കൊല്ലാൻ കീടനാശിനിക്ക് പകരം 'ചിലന്തിപ്പട്ടാളത്തെ' നിയോഗിക്കാമെന്നാണ് കണ്ടെത്തൽ.

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ അൽന ഷൻസാദ്, ആൻ ജിംസൺ എന്നിവരുടെ ഇതു സംബന്ധിച്ച പ്രൊജക്ടിന് അംഗീകാരം ലഭിച്ചു. ഇനി ഭോപ്പാലിൽ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ ഇവർ പങ്കെടുക്കും. 116 പ്രൊജക്ടുകളിൽ 16 എണ്ണമാണ് യോഗ്യത നേടിയത്. സ്‌കൂളിലെ റിട്ട. അദ്ധ്യാപിക യു. നജീമയായിരുന്നു ഗൈഡ്. പൂർവ വിദ്യാർത്ഥിയും വിദേശത്ത് പരിസ്ഥിതി ഗവേഷകനുമായ ബിനീഷ്, പ്രധാനാദ്ധ്യാപകൻ ഡോ. സി. സന്തോഷ് എന്നിവർ പിന്തുണച്ചു.

കീടങ്ങളെ തിന്നുന്ന പലതരം ചിലന്തികളിൽ പ്രധാനപ്പെട്ട ആറിനങ്ങളെ വിദ്യാർത്ഥിനികൾ വയലുകളിൽ നിന്ന് ശേഖരിച്ചു. ഇതിൽ നിന്ന് കമ്മ്യൂണൽ കോബ് വെബ് സ്‌പൈഡറിനെ തെരഞ്ഞെടുത്ത് പ്രത്യേകം കൂടുകളിൽ വളർത്തി. കീടബാധയുള്ള നെൽപ്പാടത്തേക്ക് ഈ ചിലന്തിപ്പട്ടാളത്തെ തുറന്നുവിട്ടാൽ അവ പ്രാണികളെ ഭക്ഷിച്ച് കൃഷിയിടം സംരക്ഷിക്കുമെന്നും കണ്ടെത്തി.

ദേശീയതലത്തിൽ പത്താംതവണ

ഇത് പത്താം തവണയാണ് കെ.എ.യു ഹൈസ്‌കൂൾ ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ചെറുധാന്യങ്ങൾ മുളപ്പിക്കാനുള്ള ഉപകരണം, കോഴി അവശിഷ്ടം കൊണ്ട് മീൻതീറ്റ നിർമ്മാണം, നഗരമാലിന്യ സംസ്‌കരണം, ജൈവ കീടനിയന്ത്രണം, പച്ചക്കറി കൃഷിക്ക് മഴമറ, ജൈവ വൈവിദ്ധ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലാണ് മുമ്പ് പ്രൊജക്ടുകൾ അവതരിപ്പിച്ചത്. കേരള ശാസ്ത്ര കോൺഗ്രസിലേയ്ക്കും ഈ പ്രൊജക്ട് തെരഞ്ഞെടുത്തിട്ടുണ്ട്.

കീടഭോജി ചിലന്തികൾ

ലൈനെക്‌സ്, സപോട്ടഡ് ജമ്പിംഗ്, പാഡി വോൾഫ്, ഓർബ് വെബ്, കമ്മ്യൂണൽ കോബ് വെബ്.

ചിലന്തികൾ വേഗം വലകെട്ടും. അതിൽ പെടുന്ന ചാഴി, ഓലചുരുട്ടിപ്പുഴു, തണ്ടുതുരപ്പൻ എന്നിവയെ ഇവ തിന്നും.

- നജീമ യു, ഗൈഡ്