കളക്ഷൻ 2.41 കോടി
തൃശൂർ: മാലിന്യമുക്ത നവകേരളം പരിപാടിയിൽ സംസ്ഥാനതലത്തിൽ യൂസർ ഫീ കളക്‌ഷനിൽ തൃശൂർ ജില്ല മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ ജനുവരിയിൽ 1.11 കോടിയായിരുന്ന കളക്‌ഷൻ നവംബറിൽ 2.41 കോടിയായി.
തിരുവനന്തപുരം, കണ്ണൂർ ജില്ലകളാണ് ഒന്നും രണ്ടും സ്ഥാനത്തെത്തിയത്. മാലിന്യമുക്ത നവകേരളത്തിന്റെ ഹ്രസ്വകാല പ്രവർത്തനങ്ങൾ പൂർത്തിയായി. ദീർഘകാല പ്രവർത്തനങ്ങൾ 2024 മാർച്ചിൽ പൂർത്തിയാകും.
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്കും വാർഡ്/ഡിവിഷൻ മെമ്പർമാർക്കും ഹരിതകർമ്മ സേനയ്ക്കും ഉൾപ്പെടെയുള്ള കളക്ടേഴ്‌സ് ട്രോഫി രണ്ടാം ഘട്ടത്തിലും നടപ്പാക്കുമെന്ന് കളക്ടർ വി.ആർ. കൃഷ്ണതേജ അറിയിച്ചു. 2024 ജനുവരി മാസത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മികച്ച വിജയം കാഴ്ചവയ്ക്കുന്നവർക്ക് പുരസ്‌കാരം സമ്മാനിക്കും. പഞ്ചായത്ത് വാർഡ് തലത്തിൽ 20,000, നഗരസഭകളിൽ 30,000 രൂപ മുതലും കോർപറേഷൻ ഡിവിഷനിൽ 40,000 മുതൽ മുകളിലേക്കും വരുമാനം ലഭിക്കുന്നവർ രണ്ടാംഘട്ടം കളക്ടേഴ്‌സ് ട്രോഫിക്ക് അർഹരാകും.
പ്രോത്സാഹനമായി കളക്ടേഴ്‌സ് ട്രോഫി
രാമവർമ്മപുരം വിജ്ഞാൻസാഗർ ഹാളിൽ നടന്ന പരിപാടിയിൽ മികച്ച വരുമാനം കണ്ടെത്തിയവർക്ക് കളക്ടർ വി.ആർ. കൃഷ്ണതേജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് എന്നിവർ ട്രോഫി സമ്മാനിച്ചു. പഞ്ചായത്ത് തലത്തിൽ 10,000 രൂപ മുതൽ മുകളിലേക്കും നഗരസഭയിൽ 15,000 മുതലും കോർപറേഷനിൽ 25,000 രൂപ മുതലും വരുമാനം ലഭിച്ച 394 വാർഡുകൾ/ഡിവിഷനുകൾക്കാണ് അംഗീകാരം ലഭിച്ചത്.
കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ. റോസി ആദ്യ പുരസ്‌കാരം ഏറ്റുവാങ്ങി. ഹരിത കർമ്മസേന അംഗങ്ങളും പുരസ്‌കാരങ്ങൾ സ്വീകരിച്ചു. ഒരു പവന്റെ വിവാഹമോതിരം ജോലിക്കിടെ ലഭിച്ചത് തിരികെ നൽകിയ പുത്തൻചിറ പഞ്ചായത്തിലെ ഏഴാം വാർഡ് ഹരിതകർമ്മ സേനാംഗമായ നളിനിയെയും ആദരിച്ചു.