1

തൃശൂർ: തൃശൂർ സർക്കാർ മെഡിക്കൽ കോളേജിലെ ഡയാലിസിസ് കേന്ദ്രത്തിൽ തന്നെ ഇൻഷ്വറൻസിനായി വിരലടയാളം പതിപ്പിക്കുന്ന സൗകര്യം ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനാണ് നിർദ്ദേശം നൽകിയത്. ആർ.എസ്.ബി.വൈ പദ്ധതിപ്രകാരം സൗജന്യ ചികിത്സ ലഭിക്കുന്നതിനായി ഡയാലിസിസ് കഴിഞ്ഞ രോഗികൾ വേദന സഹിച്ച് 100 മീറ്ററിലധികം സഞ്ചരിച്ച് വിരലടയാളം പതിപ്പിക്കാൻ ഇൻഷ്വറൻസ് കൗണ്ടറിലെത്തേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.

മെഡിക്കൽ കോളേജ് പ്രിൻസിപ്പലിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി. അഡ്മിഷൻ സമയത്തും 12 ഡയാലിസിസ് കഴിഞ്ഞു പോകുന്ന സമയത്തും മാത്രം രണ്ടുതവണ ഇൻഷ്വറൻസ് കൗണ്ടറിലെത്തിയാൽ മതിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡയാലിസിസ് കൗണ്ടറിനോട് ചേർന്ന് പുതിയ ഇൻഷ്വറൻസ് കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്. ഇത് 24 മണിക്കൂർ പ്രവർത്തിക്കും. നെഞ്ചു രോഗാശുപത്രിയിൽ വാർഡിനോട് ചേർന്നു തന്നെയാണ് ഇൻഷ്വറൻസ് കൗണ്ടർ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നിരുന്നാലും രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ പരാതികൾ പരിഹരിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. മുളങ്കുന്നത്തുകാവ് സ്വദേശി സുകു സമർപ്പിച്ച പരാതിയിലാണ് നടപടി.