
ഗുരുവായൂർ: ധനു മാസത്തിലെ മുപ്പെട്ട് ബുധനാഴ്ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ കുചേലദിനം. കുചേലൻ എന്ന സുദാമാവ് സതീർത്ഥ്യനായ ശ്രീകൃഷ്ണനെ അവിൽ പൊതിയുമായി കാണാനെത്തിയതിന്റെ ഓർമ്മ പുതുക്കിയാണ് ഈ ദിവസം കുചേലദിനമായി ആഘോഷിക്കുന്നത്. ആയിരക്കണക്കിന് ഭക്തർ അവിൽ പൊതികളുമായി കണ്ണനെ കണ്ട് തൊഴാനായി ഇന്ന് ഗുരുവായൂരിലെത്തും. ഭക്തർ സമർപ്പിക്കുന്ന അവിലിന് പുറമെ മൂന്നര ലക്ഷം രൂപയുടെ അവിൽ നിവേദ്യവും ദേവസ്വം തയ്യാറാക്കുന്നുണ്ട്.
നാളികേരം, ശർക്കര, നെയ്യ്, ചുക്ക്, ജീരകം, എന്നിവയാൽ കുഴച്ച അവിൽ പന്തീരടി പൂജയ്ക്കും അത്താഴ പൂജയ്ക്കും ശ്രീ ഗുരുവായൂരപ്പന് നിവേദിക്കും. 13 കീഴ്ശാന്തി കുടുംബങ്ങളിലെ നമ്പൂതിരിമാർ ചേർന്നാണ് അവിൽ നിവേദ്യം തയ്യാറാക്കുക. രാവിലെ മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെ സ്മരണയ്ക്കായി കഥകളി ഗായകർ കുചേലവൃത്തം കഥകളിപദങ്ങൾ ആലപിക്കും. വൈകിട്ട് 6.30ന് ചലച്ചിത്ര താരം ദിവ്യ ഉണ്ണിയുടെ നൃത്തവും രാത്രി ഡോ. സഭാപതിയുടെ കുചേലവൃത്തം കഥകളിയും അരങ്ങേറും.