perinjanam-

പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ് സ്‌കൂളിലെ 86 ബാച്ച് എസ്.എസ്.എൽ.സി കൂട്ടായ്മ സംഘടിപ്പിച്ച സ്‌പോർട്‌സ് മീറ്റിൽ പങ്കെടുത്തവർ.

കയ്പമംഗലം : 37 വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും കുട്ടികളായി കായിക മത്സരങ്ങൾക്കായി ഗ്രൗണ്ടിലിറങ്ങി. പെരിഞ്ഞനം ആർ.എം.വി. എച്ച്.എസ്. സ്‌കൂളിലെ 1986 ബാച്ച് എസ്.എസ്.എൽ.സി കൂട്ടായ്മയായ 'തേജസ് 86' ലെ അംഗങ്ങളാണ് സ്‌കൂൾ കാലഘട്ടത്തെ ഓർമ്മിപ്പിക്കുംവിധം സ്‌പോർട്‌സ് മീറ്റ് നടത്തി തങ്ങളുടെ സൗഹൃദത്തിന്റെ കായികക്ഷമത ഒരിക്കൽ കൂടി മാറ്റുരച്ചത്. സ്‌പോർട്‌സ് മീറ്റിന്റെ ഭാഗമായി ലഹരി ഉപയോഗത്തിനെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചാണ് മത്സര പരിപാടികൾക്ക് തുടക്കം കുറിച്ചത്. 100, 200 മീറ്റർ ഓട്ടം ഹൈജംപ്, ജാവലിൻ ത്രോ, ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, ഷട്ടിൽ ബാഡ്മിന്റൺ, റിംഗ് ത്രോ, പഞ്ചഗുസ്തി, കസേരകളി , സ്പൂൺ റൈസ്, ക്രിക്കറ്റ്, വോളിബാൾ, വടംവലി തുടങ്ങിയ മത്സരങ്ങളാണ് 400 പേരടങ്ങുന്ന ഈ കൂട്ടായ്മ സംഘടിപ്പിച്ചത്. ലിംഗഭേദമില്ലാതെ ഏകദേശം 50 പേരാണ് മത്സരങ്ങളിൽ പങ്കെടുത്തത്. പെരിഞ്ഞനം സെന്ററിൽ നിന്നാരംഭിച്ച കൂട്ടയോട്ടം കൂട്ടായ്മയിലെ അംഗവും അഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.ഐയുമായ അജയ് ഫ്‌ളാഗ് ഓഫ് ചെയ്തു. ക്യാപ്റ്റൻ അബ്ദുള്ള ദീപശിഖയേന്തി. സ്‌കൂൾ മാനേജർ ഫാത്തിമ മോഹൻ, പ്രധാന അദ്ധ്യാപിക ബി. ബീബ എന്നിവർ മുഖ്യാതിഥികളായി. ബിജോയ് കേശവൻ, കൃഷ്ണകുമാർ, ഷാബു, ഉദയകുമാർ, സന്ധ്യ ഷാജു, സജീവൻ, ഷൈനി, ഷെർലി, ഉത്തമകുമാർ, വിനോദ് എന്നിവർ മീറ്റിന് നേതൃത്വം നൽകി. മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.