മറ്റത്തൂർ: ഹരിത കർമ്മ സേനയുടെ യൂസർ ഫീ കളക്‌ഷനിൽ മിന്നുന്ന വിജയം കരസ്ഥമാക്കി മറ്റത്തൂർ പഞ്ചായത്ത്. മാലിന്യമുക്തം നവകേരളത്തിന്റെ പ്രോത്സാഹനമായ കളക്ടേഴ്‌സ് ട്രോഫിക്ക് അർഹരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ മുഴുവൻ വാർഡുകളും അനുമോദന പത്രത്തിന് അർഹരായത് മറ്റത്തൂർ പഞ്ചായത്തിന് മാത്രം.
രാമവർമ്മപുരം വിജ്ഞാൻ സാഗർ ഹാളിൽ നടന്ന ചടങ്ങിൽ കഴിഞ്ഞ മേയ്, ജൂൺ മാസങ്ങളിൽ മികച്ച വരുമാനം കണ്ടെത്തിയവർക്കുള്ള കളക്ടേഴ്‌സ് ട്രോഫി കളക്ടർ വി.ആർ. കൃഷ്ണ തേജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ എന്നിവരിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.
പ്രവർത്തനം ഇങ്ങനെ
23 വാർഡുകളും യൂസർ ഫീ കളക്‌ഷനിൽ മികച്ച വിജയമാണ് കഴിഞ്ഞ മാസങ്ങളിലായി കരസ്ഥമാക്കുന്നത്. ഈവർഷം ജനുവരി മുതൽ എല്ലാ മാസവും എല്ലാം വാർഡുകളിൽ നിന്നും 10,000 രൂപയ്ക്ക് മുകളിലുള്ള യൂസർ ഫീ കളക്‌ഷൻ മറ്റത്തൂർ ഉറപ്പാക്കുന്നുണ്ട്. 39 ഹരിത കർമ്മസേന അംഗങ്ങളാണുള്ളത്. ഒരു ദിവസം ഒരു വാർഡ് എന്ന നിലയിലാണ് പ്രവർത്തനം. 23 ദിവസം കൊണ്ട് കളക്‌ഷൻ പൂർത്തീകരിച്ച് തരംതിരിക്കൽ ആരംഭിക്കും.
അടുക്കും ചിട്ടയുമുള്ള പ്രവർത്തന രീതിയിലൂടെയാണ് യൂസർ ഫീ കളക്‌ഷനിൽ മാതൃകാപരമായ മുന്നേറ്റം മറ്റത്തൂരിന് സൃഷ്ടിക്കാനായത്.
- അശ്വതി വിബി