1

തൃശൂർ: ശ്രീ കേരളവർമ കോളേജിൽ എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു. എസ്.എഫ്.ഐ പ്രവർത്തകരായ കോളേജിലെ യൂണിയൻ ചെയർമാൻ കെ.എസ്. അനിരുദ്ധൻ, ജനറൽ സെക്രട്ടറി വിഷ്ണു, പ്രവർത്തകൻ മഹേഷ് എന്നിവരും കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അക്ഷയ് വെള്ളറക്കാട്, ആദിശേഷൻ, ഹരി നന്ദൻ എന്നിവരുമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.

ഗവർണർക്കെതിരെ കോളേജ് കവാടത്തിൽ ഉയർത്തിയ ബാനറിലെ വാചകം സമൂഹമാദ്ധ്യമത്തിൽ വലിയ ട്രോളായിരുന്നു. സമൂഹമാദ്ധ്യമത്തിലൂടെ കളിയാക്കുന്നത് ചൊല്ലിയായിരുന്നു ഇരുവിഭാഗവും തർക്കത്തിലായത്. തർക്കം തമ്മിലടിയിലേക്ക് മാറി. കോളേജിലെ പി.ജി ബ്‌ളോക്കിന് മുന്നിൽ വച്ചായിരുന്നു അടി. പുറത്തെ കടയിൽ നിന്നും തിരികെ കോളേജിലേക്ക് വരുന്നതിനിടെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നുവെന്ന് കെ.എസ്.യു ആരോപിച്ചു.

പരിക്കേറ്റ വിദ്യാർത്ഥികൾ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നേരത്തെ കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനത്തെ എണ്ണിത്തോൽപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കം നിലവിൽ കോളേജിലുണ്ട്.