1

തൃശൂർ: ജില്ലയിൽ ന്യൂനപക്ഷ കമ്മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല സെമിനാറിന്റെ ആലോചനാ യോഗം ചേർന്നു. കളക്ടർ വി.ആർ. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ആനുകൂല്യം സമയബന്ധിതമായി നേടിയെടുക്കാൻ സെമിനാറിലൂടെയുള്ള ബോധവത്കരണം സഹായകമാകുമെന്ന് കളക്ടർ പറഞ്ഞു. ജില്ലയിൽ 2024 ജനുവരി 20 നാണ് ന്യൂനപക്ഷ കമ്മിഷൻ സെമിനാർ നടക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പദ്ധതികളും സേവനങ്ങളും ആനുകൂല്യങ്ങളും ജനകീയവത്കരിക്കുന്നതിന്റെയും താഴെത്തട്ടിൽ എത്തിക്കുന്നതിന്റെയും ക്ഷേമ പദ്ധതികളെക്കുറിച്ചും വിദ്യാഭ്യാസ, തൊഴിൽ, സാമ്പത്തിക സഹായങ്ങളെക്കുറിച്ചും അവരിൽ അവബോധം സൃഷ്ടിക്കുന്നതിനുമായാണ് സംസ്ഥാന ന്യൂനപക്ഷ ജില്ലാതല സെമിനാറുകൾ സംഘടിപ്പിക്കുന്നത്. ആലോചനാ യോഗത്തിൽ സെമിനാറിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. സയ്യിദ് ഫസൽ തങ്ങൾ, ബഷീർ ഫൈസി ദേശമംഗലം, ജനാബ് ഹൈദർ അലി, ഫാ. കെ.ആർ. ഇനാശു, കെ.എ. ഷംസുദ്ദീൻ, എ.കെ. പൗലോസ് എന്നിവർ രക്ഷാധികാരികളാകും. സംഘാടക സമിതിയുടെ പ്രസിഡന്റ് എ.എം. ഹാരിസും സെക്രട്ടറി ഫാ. നൗജിൻ വിതയത്തിലുമാകും. ടോണി അഗസ്റ്റിൻ കോ- ഓർഡിനേറ്ററുമാകും.