1

തൃശൂർ: ചാലക്കുടി ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കുടുക്കിയത് ആരെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇനിയും തെളിഞ്ഞില്ല. 72 ദിവസം ജയിലിൽ കഴിയേണ്ടിവന്ന ഷീലയുടെ നിരപരാധിത്വം തെളിഞ്ഞതിനെ തുടർന്ന് വെറുതെ വിട്ടെങ്കിലും അവരുടെ ബാഗിലും സ്‌കൂട്ടറിലും മയക്കുമരുന്നിന് സമാനമായ വസ്തു വച്ചത് ആരെന്നതിനാണ് തുമ്പില്ലാത്തത്.
കേസിലെ പ്രതികളെ വൈകാതെ പിടിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് ഉറപ്പുനൽകിയിരുന്നു. സംഭവം നടന്ന് ഒരു വർഷമാകുമ്പോഴും കേസന്വേഷിക്കുന്ന എറണാകുളം എക്‌സൈസ് ക്രൈംബ്രാഞ്ച് ഇരുട്ടിൽ തപ്പുകയാണ്. അതിനിടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കാനുള്ള ശ്രമത്തിലാണ് ഷീല. കഴിഞ്ഞ ഫെബ്രുവരി 27നാണ് ഷീലയുടെ ബാഗിൽ നിന്നും സ്‌കൂട്ടറിൽ നിന്നുമായി പന്ത്രണ്ട് എൽ.എസ്.ഡി. സ്റ്റാമ്പിന് സമാനമായ വസ്തു എക്‌സൈസ് പിടികൂടിയത്.

ടെലിഫോണിൽ ലഭിച്ച വിവരത്തെ തുടർന്നായിരുന്നു ഇത്. രാസപരിശോധനാ ഫലത്തിൽ പിടികൂടിയത് മയക്കുമരുന്നല്ലെന്ന് തെളിഞ്ഞതോടെ ഷീല ജയിൽ മോചിതയായെങ്കിലും പിന്നിൽ പ്രവർത്തിച്ചതാരെന്ന് കണ്ടെത്താനായില്ല. ഷീലയുടെ അടുത്ത ബന്ധുവായ യുവതിയെ സംശയിച്ചിരുന്ന എക്‌സൈസ് ബംഗളൂരുവിലുള്ള അവരുടെ വീട്ടിലെത്തി മൊഴിയെടുത്തു. സംഭവത്തിന് രണ്ട് ദിവസം മുമ്പ് ഷീലയുടെ വീട്ടിൽ യുവതി താമസിച്ചിരുന്നെങ്കിലും മയക്കുമരുന്നുമായി ബന്ധമില്ലെന്നായിരുന്നു മൊഴി. മറ്റാരെയും സംശയമില്ലെന്ന് ഷീല പറയുന്നു.

തെളിവില്ലാതെ വലഞ്ഞ് എക്‌സൈസ്

അതിനിടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് തന്നെ പീഡിപ്പിക്കുന്നുവെന്ന ആരോപണവുമായി യുവതി എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ഇവരുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയെങ്കിലും യുവതിക്കെതിരെ തെളിവില്ലാത്തതിനാൽ ഒന്നും ചെയ്യാനാകാതെ വലയുകയാണ് എക്‌സൈസ്. വിവരം നൽകിയ ആളുടെ ഫോൺനമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും എങ്ങുമെത്തിയില്ല.

ആരാണ് എന്നെ കുടുക്കിയതെന്ന് അറിയണം. അവർക്ക് അർഹമായ ശിക്ഷ കിട്ടണം.


ഷീല.