1

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അണിയറയിൽ ഒരുക്കങ്ങൾ സജീവമാകുന്നതിനിടെ തൃശൂർ പൂരത്തെ ചൊല്ലി വീണ്ടും വിവാദം കൊഴുക്കുന്നു. കൊച്ചിൻ ദേവസ്വത്തിന്റെ നിലപാട് പ്രസിഡന്റ് വ്യക്തമാക്കിയതിന് പിന്നാലെ, രാപ്പകൽ സത്യഗ്രഹവുമായി കോൺഗ്രസ് രംഗത്തെത്തിയതോടെ രാഷ്ട്രീയപ്പോരിലേക്കും വഴി തുറന്നു. കോൺഗ്രസും ബി.ജെ.പിയും പൂരപ്രതിസന്ധി ആയുധമാക്കി പ്രതിഷേധം കടുപ്പിച്ചു.

പൂരം പ്രദർശനത്തിന്റെ വാടക വർദ്ധനയുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകൾക്ക് രാഷ്ട്രീയ സംഘടനകൾ തുടക്കത്തിലേ മുന്നിട്ടിറങ്ങിയിരുന്നു. സി.പി.ഐയും കോൺഗ്രസും ബി.ജെ.പിയുമാണ് ആദ്യം ചർച്ച തുടങ്ങിവച്ചത്. പ്രതിസന്ധി പരിഹരിക്കാൻ ടി.എൻ. പ്രതാപൻ എം.പി., ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, യു.ഡി.എഫ് ചെയർമാൻ എം.പി. വിൻസെന്റ് എന്നിവരുടെ നേതൃത്വത്തിൽ തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി ചർച്ച നടത്താൻ കഴിഞ്ഞദിവസം എത്തിയിരുന്നു.

പ്രതിസന്ധികൾ പരിഹരിച്ച് പൂരം ഗംഭീരമാക്കി നടത്താനുള്ള തീരുമാനങ്ങൾക്കായി കേന്ദ്ര - സംസ്ഥാന സർക്കാരുകളുമായി സംസാരിക്കുമെന്നായിരുന്നു ടി.എൻ. പ്രതാപൻ എം.പി നൽകിയ ഉറപ്പ്. കോടതി നിർദ്ദേശപ്രകാരമാണ് തറവാടക വർദ്ധിപ്പിച്ചതെന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ വാദത്തിനെതിരെ അദ്ദേഹം രംഗത്തുവന്നപ്പോൾ, ഹൈക്കോടതിയെ സമീപിക്കുമെന്നായിരുന്നു ദേവസ്വം ഭാരവാഹികളുടെ മറുപടി.


പ്രതിരോധിക്കാൻ ഒരുക്കം

കോൺഗ്രസ് രാപ്പകൽ സത്യഗ്രഹവുമായി വരുന്നതോടെ പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ് ഇടതുസംഘടനകൾ. കഴിഞ്ഞദിവസം പി. ബാലചന്ദ്രൻ എം.എൽ.എയും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജും ദേവസ്വങ്ങളുടെ ഭാരവാഹികളുമായി ചർച്ച നടത്തിയ ശേഷം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത പൊതുയോഗം അംഗീകരിച്ച പ്രമേയം ഏറ്റുവാങ്ങിയിരുന്നു. പ്രമേയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നായിരുന്നു എം.എൽ.എയുടെ വാഗ്ദാനം. മുഖ്യമന്ത്രിക്ക് ഇതു സം ബന്ധിച്ച് രണ്ടു നിവേദനങ്ങൾ നൽകിയിട്ടുണ്ടെന്നും എം.എൽ.എ വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയും സുരേഷ് ഗോപിയും ഹിന്ദു ഐക്യവേദിയും പ്രസ്താവനകളുമായെത്തിയിരുന്നു.

സത്യഗ്രഹം ഇന്ന് വൈകിട്ട്

തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ 21ന് വൈകിട്ട് അഞ്ചിന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ എം.പി രാപ്പകൽ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപനച്ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് ടി.എൻ. പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവർ അറിയിച്ചു. എം.പിയും ഡി.സി.സി പ്രസിഡന്റുമാണ് രാപ്പകൽ സത്യഗ്രഹത്തിന് നേതൃത്വം നൽകുന്നത്. പൂരവുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾക്ക് സർക്കാർ ഉടൻ പരിഹാരം കാണണമെന്നാണ് ആവശ്യം.

സിപി.എം ഭരിക്കുന്ന ദേവസ്വം ബോർഡിനെക്കൊണ്ട് വാടക വർദ്ധനവ് പിൻവലിപ്പിക്കാൻ ദേവസ്വം റവന്യൂ മന്ത്രിമാർ തയ്യാറാകണം. യു.ഡി.എഫ് ഭരണകാലത്ത് യാതൊരു തർക്കങ്ങളും പ്രശ്‌നങ്ങളുമില്ലാതെ പൂരം സുഗമമായി നടന്നിരുന്നു.

- ടി.എൻ.പ്രതാപൻ എം.പി.