peri

തൃശൂർ: പെരിങ്ങാവ് ശ്രീധന്വന്തരി ക്ഷേത്രത്തിൽ സ്വർഗവാതിൽ ഏകാദശി 23ന് ആഘോഷിക്കും. രാവിലെ ആറരമുതൽ മുക്കുടി നിവേദ്യം സൗജന്യമായി ഭക്തർക്ക് നൽകും. രാവിലെ ഏഴിന് നെല്ലായി സോപാനം സംഗീതസഭയുടെ പഞ്ചരത്‌നകീർത്തനാലാപനം, രാവിലെ എട്ടരയ്ക്ക് അഞ്ചാനപ്പുറത്ത് ശീവേലി എഴുന്നള്ളിപ്പ് എന്നിവ നടക്കും. പാമ്പാടി രാജൻ തിടമ്പേറ്റും. പെരുവനം സതീശൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളവുമുണ്ടാകും.

ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഏകാദശി ഊട്ട്, വൈകിട്ട് ആറിന് ചേർപ്പുളശ്ശേരി ശിവൻ, കോങ്ങാട് മധു എന്നിവരുടെ നടപ്പുര പഞ്ചവാദ്യം, തുടർന്ന് വിളക്കാചാരം. രാത്രി പത്തിന് കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം എന്നിവ നടക്കും. 21ന് നവമിക്ക് വൈകിട്ട് ഭജൻസന്ധ്യ, വിളക്കാചാരം എന്നിവയുണ്ടാകും.

22ന് ദശമിക്ക് വൈകിട്ട് 6.15ന് ധന്വന്തരി മാതൃസമിതിയുടെ നേതൃത്വത്തിൽ അക്ഷരശ്ലോകം. തുടർന്ന് വിളക്കാചാരം. 24ന് രാവിലെ എട്ടിന് ദ്വാദശി ഊട്ടോടെ സമാപിക്കുമെന്ന് പെരിങ്ങാവ് ദേവസ്വം പ്രസിഡന്റ് ഇ. കൃഷ്ണൻ, സെക്രട്ടറി അഡ്വ. എം.സി. മനോജ്കുമാർ എന്നിവർ അറിയിച്ചു.