തൃശൂർ: പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് കരുതിക്കൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമാണ് പൂരം നടത്തിപ്പ് സംബന്ധിച്ച പ്രതിസന്ധിയെന്ന് കെ.പി.സി.സി സെക്രട്ടറിയും കോർപ്പറേഷൻ കൗൺസിലറുമായ ജോൺ ഡാനിയേൽ പറഞ്ഞു. പ്രതിസന്ധിയുണ്ടാക്കുകയും തിരഞ്ഞെടുപ്പിന് മുമ്പേ ഇടതുപക്ഷം പ്രശ്‌നം പരിഹരിച്ചുവെന്ന് വരുത്താനുമാണ് ബോർഡിന്റെ ശ്രമം. ഇതിന്റെ ഭാഗമായ തറവാടക കൂട്ടൽ തീരുമാനം ബോർഡ് പിൻവലിക്കണം. പൂരം എക്‌സിബിഷൻ നടത്തിപ്പ് തൃശൂർ കോർപ്പറേഷൻ ഏറ്റെടുത്ത് നടത്തുമെന്ന മണ്ടൻ തീരുമാനം കൗൺസിലിൽ പറഞ്ഞത് മേയർ തിരുത്തണമെന്നും ആവശ്യപ്പെട്ടു. എക്‌സിബിഷനിൽ നിന്നുള്ള വരുമാനം കൊണ്ടാണ് പൂരം നടത്തുന്നത്. ഈ വസ്തുത ബോധപൂർവം മറച്ചുവച്ചുള്ള പ്രഖ്യാപനം പിൻവലിച്ച് മേയർ മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു.