1

വടക്കാഞ്ചേരി : വെങ്ങിണിശ്ശേരി നാരായണാശ്രമ തപോവനവും പാർളിക്കാട് ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും സംയുക്തമായി സംഘടിപ്പിക്കുന്ന 22ാമത് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാസത്രത്തിന്റെ വിളംബര രഥഘോഷയാത്ര രാവിലെ എട്ടിന് വ്യാസ തപോവനത്തിൽ നിന്നും പുറപ്പെട്ടു. പ്രൊഫ.സാധു പദ്മനാഭൻ വിഗ്രഹത്തിൽ മാല ചാർത്തി. സ്വാമി ബ്രഹ്മർഷി ദേവപാലൻ ആരതി കാണിച്ചു. 50 ലേറെ കേന്ദ്രങ്ങളിൽ നിന്നും ദ്രവ്യസമർപ്പണ സഹിതം ലഭിച്ച സ്വീകരണം ഏറ്റുവാങ്ങി രാത്രി എട്ടോടെ നൈമിഷാരണ്യത്തിലെത്തിച്ചേർന്നു.
സത്രം ഭാരവാഹികളായ ടി.പുരുഷോത്തമൻ മാസ്റ്റർ, എ.രാമചന്ദ്രൻ മാസ്റ്റർ, ഇ.കെ.പരമേശ്വരൻ, ആര്യംപാടം വിജയൻ, എ.പി.വിനോദ്കൃഷ്ണൻ, ഇ.വി.വിശ്വംഭരൻ, പി.എസ്.ശിവദാസ്, എം.കൃഷ്ണൻകുട്ടി, കെ.എ.ശശി, സി.കെ.സുശ്രീപ് എന്നിവർ വിളംബര രഥഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. കെ.ഗൗരിദാസ് ഓരോ കേന്ദ്രത്തിലും പ്രസാദം വിതരണം ചെയ്തു. രാവിലെ പത്തിന് സഭാനികേതന്റെ വടക്കേ അങ്കണത്തിൽ പണിത കൊട്ടിലിൽ സ്വാമി ഭൂമാനന്ദതീർത്ഥ ചതുർഭുജധാരിയായ ശ്രീമഹാവിഷ്ണു വിഗ്രഹം സ്ഥാപിച്ചു. തുടർന്ന് സത്രത്തിന്റെ ധ്വജസ്തംഭ സ്ഥാപനവും സ്വാമി നിർവഹിച്ചു. വിഗ്രഹാരാധനയുടെ താത്വികവശം സ്വാമി വിശദീകരിക്കുകയും ചെയ്തു.