dog-

തൃശൂർ: തെരുവുനായ് നിയന്ത്രണത്തിൽ സംസ്ഥാനത്ത് മാതൃക സൃഷ്ടിച്ച ആദ്യ പദ്ധതി കോർപ്പറേഷന് കീഴിലുളള പറവട്ടാനി എ.ബി.സി. (അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രത്തിൽ വിജയകരമായി തുടരുമ്പോഴും പഞ്ചായത്തുകൾക്ക് ഇവിടേയ്ക്ക് നായ്ക്കളെ എത്തിക്കാനാവുന്നില്ല. നായ്ക്കളെ ഇവിടേയ്ക്ക് കൊണ്ടുവരാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നത് സംബന്ധിച്ച് കൃത്യമായ ഉത്തരവ് തദ്ദേശവകുപ്പ് നൽകാത്തതാണ് കാരണമെന്നാണ് വിവരം.

പഞ്ചായത്തുകൾ നായ്ക്കളെ പിടിച്ചുകൊണ്ടുവന്നാൽ വന്ധ്യംകരണം നടത്താൻ പറവട്ടാനി കേന്ദ്രം തയ്യാറായിരുന്നു. പക്ഷേ, പഞ്ചായത്തുകൾ തയ്യാറായില്ല. നിലവിലെ ശേഷി വച്ച് പരമാവധി മാസം 150 എണ്ണത്തെ വരെയെങ്കിലും വന്ധ്യംകരിക്കാനായേക്കും. എന്നാൽ നായ്ക്കളെ പിടികൂടാനായി പഞ്ചായത്തുകളിലേക്ക് പോകാനും തിരിച്ച് നായ്ക്കളെ പറവട്ടാനിയിലെത്തിക്കാനുമുള്ള ഗതാഗതച്ചെലവിന് എന്തു ചെയ്യുമെന്ന് തീരുമാനമായില്ല. ജില്ലാ ആസൂത്രണസമിതി ഇക്കാര്യത്തിൽ തീരുമാനമെടുത്ത ശേഷം തദ്ദേശവകുപ്പിലേക്ക് അയയ്ക്കണം. എന്നാൽ ഇത് നീണ്ടുപോകുകയാണെന്നാണ് വിവരം.

അവധിക്കാലത്ത് വിളയാട്ടം

ക്രിസ്മസ് അവധിക്കാലം വരുന്നതോടെ ഹോട്ടലിൽ നിന്നും തട്ടുകടകളിൽ നിന്നുമുള്ള മാലിന്യങ്ങൾ വഴിയിൽ തള്ളുന്നത് കൂടും. വിനോദ സഞ്ചാരകേന്ദ്രങ്ങളിലും വൻ ജനക്കൂട്ടമുണ്ടാകും. ഇതെല്ലാം ഭക്ഷ്യാവശിഷ്ടങ്ങൾ വഴിയിൽ കുമിഞ്ഞുകൂടാൻ ഇടയാക്കും. അതോടെ തെരുവുനായ് ശല്യം കൂടുമെന്നാണ് നാട്ടുകാർ പറയുന്നത്. തെരുവുനായ്ക്കളുടെ ശല്യം കൂടുമ്പോഴും വന്ധ്യംകരണ കേന്ദ്രങ്ങളുടെ നിർമ്മാണം ഉടൻ നടത്താൻ ജില്ലാപഞ്ചായത്തിനും മറ്റ് തദ്ദേശസ്ഥാപനങ്ങൾക്കും കഴിയുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഫണ്ടിന്റെ കാര്യത്തിൽ യാതൊരു തടസങ്ങളുമില്ലെന്ന് ജില്ലാ പഞ്ചായത്ത് ആവർത്തിക്കുമ്പോഴാണ് വന്ധ്യംകരണ കേന്ദ്രം നടപ്പാകാൻ വൈകുകയാണ്.

മൂന്ന് ആടുകളെ കൊന്നു

ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിൽ തെരുവുനായ്ക്കളുടെ ആക്രമണം. മൂന്ന് ആടുകളെ നായ്ക്കൾ കടിച്ചുകൊന്നു. കടപ്പുറം അഞ്ചങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് പടിഞ്ഞാറുള്ള വീട്ടിലെ ആടുകളെയാണ് തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്. പുലർച്ചെയായിരുന്നു സംഭവം. വീട്ടുമുറ്റത്തെ മരം കൊണ്ട് നിർമ്മിച്ച കൂട്ടിലായിരുന്നു ആടുണ്ടായിരുന്നത്. കൂട്ടമായെത്തിയ നായ്ക്കൾ കൂട് പൊളിച്ച ശേഷം ആടുകളെ കടിച്ചുകൊല്ലുകയായിരുന്നു.

പ്രവർത്തനത്തിൽ ശൗര്യം പോര

പറവട്ടാനി കേന്ദ്രം തുടങ്ങിയത്: 2016 ഒക്ടോബർ 17ന്.
2018 ജൂലായ് വരെ വന്ധ്യംകരിച്ചത്: 5,034 നായ്ക്കളെ
2023 വരെ നടത്തിയത്: 13,000

ഒരു മാസം ചെയ്യാനാകുന്നത് 150വരെ വന്ധ്യംകരണം

ജീവനക്കാർ

5 നായപിടുത്തക്കാർ
2 വീതം ഡോക്ടർമാർ, നഴ്‌സുമാർ
3 ക്‌ളീനിംഗ് ജീവനക്കാർ