millet

തൃശൂർ: ചായയ്‌ക്കൊപ്പം കപ്പ് കടിച്ചുതിന്നാം. ആരോഗ്യത്തിനും നല്ലത്. പ്‌ളാസ്റ്റിക് കപ്പുകളുയർത്തുന്ന പരിസ്ഥിതി ഭീഷണിയുമില്ല. മാള കുണ്ടൂർ ഇലവത്തിങ്കൽ വർഗീസിന്റെ (65) ചെറുധാന്യ (മില്ലറ്റ്) കപ്പ് വിദേശത്തുൾപ്പെടെ ശ്രദ്ധേയമാവുകയാണ്. സംസ്ഥാനത്തിനു പുറമേ കർണ്ണാടകയിലും ദുബായിലും ചോക്കലേറ്റ്, ഏലയ്ക്ക, ബിസ്‌കറ്റ്, വാനില ഫ്ളേവറിൽ വിൽക്കുന്നു.

ശബരിമല സീസണായതിനാൽ ചുക്കും കുരുമുളകും ചേർന്ന രുചിയുള്ളതുമുണ്ട്. ചായക്കപ്പിന്റേതിനു പുറമേ ബട്ടർസ്‌കോച്ച്, പെനാപ്പിൾ, മാംഗോ, സ്‌ട്രോബെറി രുചികളിൽ ഐസ്‌ക്രീം കപ്പുകളുമുണ്ടാക്കുന്നു. ഡീലർമാരിലൂടെയും ഓർഡർപ്രകാരവും നൽകും. നെടുമ്പാശ്ശേരി എയർപോർട്ട് ജംഗ്ഷനിലെ കരിയാട്ടാണ് നിർമ്മാണയൂണിറ്റ്.

കപ്പലണ്ടിത്തോട് കൊണ്ട് ചായക്കപ്പുണ്ടാക്കുന്ന സ്ഥാപനം തമിഴ്‌നാട്ടിലുണ്ട്.

ചായയിൽ എണ്ണ കലരുന്ന അവസ്ഥ അതിനുണ്ട്. വർഗീസ് ഹൈദരാബാദിൽ നിന്ന് യന്ത്രം വരുത്തി പുതിയ സംരംഭം തുടങ്ങിയെങ്കിലും അധികസമയം പ്രവർത്തിപ്പിക്കാനായില്ല. തുടർന്ന് സുഹൃത്തായ മെക്കാനിക്കൽ എൻജിനിയർ ജോയിയുടെ സഹായത്തോടെ പുതിയ യന്ത്രവും ഭക്ഷ്യരംഗത്തെ വിദഗ്ദ്ധരുടെ നിർദ്ദേശത്തോടെ കപ്പിനുള്ള കൂട്ടുമുണ്ടാക്കി. ലാബുകളിൽ പരിശോധിച്ച് ഗുണം ഉറപ്പാക്കി. 2021 മുതൽ പ്രവർത്തനമാരംഭിച്ചു. മുംബയിലും വിദേശത്തുമായി ജോലി ചെയ്തിരുന്ന വർഗീസ് 10 കൊല്ലം മുമ്പാണ് നാട്ടിൽ മടങ്ങിയെത്തിയത്. ഭാര്യ: റോസ് ലി. മക്കൾ: ടോണി, അനു ഫിൽഡ.

100 മില്ലി കപ്പിലെ ചേരുവകൾ

റാഗി, അരിപ്പൊടി, മൈദ, ചോളം, പഞ്ചസാര, നെയ്യ് ഇവയുടെ മിശ്രിതം 300 ഡിഗ്രിയിൽ ചൂടാക്കി യന്ത്രത്തിലെ അച്ചിലൊഴിച്ചാണ് ഉണ്ടാക്കുന്നത്. ഓർഡർപ്രകാരം നൽകും.

വില (ഒന്നിന്)

ചായക്കപ്പിന് 8 രൂപ.
ഐസ്‌ക്രീം കപ്പിന് 3.90.
പ്രതിമാസ വില്പന 1.2 ലക്ഷം.
പ്രതിദിന ഉത്പാദനശേഷി 25,000