എറിയാട് പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ജനകീയ ധർണ എ.ഐ.സി.സി സെക്രട്ടറി റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാകാതെ പൊതുജനം ദുരിതമനുഭവിക്കുമ്പോഴാണ് പിണറായി വിജയൻ ആഡംബര യാത്ര നടത്തുന്നതെന്ന് എ.ഐ.സി.സി സെക്രട്ടറി റോജി എം. ജോൺ എം.എൽ.എ പറഞ്ഞു. എറിയാട് പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിൽ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ജനകീയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാസർഗോഡ് നിന്ന് യാത്ര തിരുവനന്തപുരത്ത് എത്തുമ്പോൾ ഇതുവരെയായി ഒരൊറ്റ പരാതി പോലും പരിഹരിച്ചതായി മുഖ്യമന്ത്രി എവിടെയും പറഞ്ഞിട്ടില്ല. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നപോലെയാണ് കേരളത്തിലെ ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെയും അവസ്ഥയെന്ന് അദ്ദേഹം ആരോപിച്ചു. പി.കെ. മുഹമ്മദ് അദ്ധ്യക്ഷനായി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.എസ്. മുജീബ് റഹ്മാൻ ,ഡി.സി.സി ജനറൽ സെക്രട്ടറി പി.എച്ച്. മഹേഷ്, സി.എം. മൊയ്തു, ടി.എം. കുഞ്ഞുമൊയ്തീൻ, പി.കെ. ഷംസുദ്ദീൻ, പി.പി. ജോൺ, ബഷീർ കൊണ്ടാമ്പുള്ളി എന്നിവർ സംസാരിച്ചു.