raghavan

തൃശൂർ: രാജ്ഭവനെ ബി.ജെ.പിയുടെ കേരളത്തിലെ ക്യാമ്പ് ഓഫീസാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള ബിനോയ് വിശ്വം എം.പി പറഞ്ഞു. മുൻമന്ത്രി വി.വി.രാഘവന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തം പ്രഖ്യാപനങ്ങളിൽ ബി.ജെ.പി രാഷ്ട്രീയത്തിന്റെ വക്താവാകാനാണ് ഗവർണർ ശ്രമിക്കുന്നത്. അതിനെ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ന്യായീകരിക്കുന്നു. ഇന്ത്യാ സഖ്യം ബി.ജെ.പി വാഴ്ചയ്‌ക്കെതിരായ രാഷ്ട്രീയനീക്കങ്ങൾക്ക് എല്ലാവരെയും കൂട്ടിയിണക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ബി.ജെ.പിയുമായി ചങ്ങാത്തം പിടിക്കാൻ ശ്രമിക്കുന്നു.

ആ ബി.ജെ.പി രാഷ്ട്രീയത്തിന്റെ വക്താവാകുന്ന ഗവർണർക്കായി അവർ വക്കാലത്ത് പറയുന്നു. സർവകലാശാലകളുടെ സ്വയംഭരണാധികാരത്തെ കളിപ്പാട്ടമാക്കി ആർ.എസ്.എസുകാരെ അതിലേക്ക് ഒളിച്ചുകടത്താൻ ശ്രമിക്കുന്നത് സർവകലാശാലയുടെ മഹത്വത്തെ അപായപ്പെടുത്തും. ഗാന്ധിഘാതകരായ ബി.ജെ.പിക്കായി കോൺഗ്രസ് ഗാന്ധി മൂല്യങ്ങളും നെഹ്‌റു മൂല്യങ്ങളും അടിയറ വയ്ക്കുകയാണ്. കമ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും ആ മൂല്യം ഉയർത്തിപ്പിടിക്കും. ഗാന്ധിയുടെ മൂല്യങ്ങളെ രക്ഷിക്കാൻ ബി.ജെ.പി കോൺഗ്രസ് അവിശുദ്ധ ബന്ധം തകർക്കാനുള്ള സമരത്തിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ആശയപരമായും രാഷ്ട്രീയപരമായും പോരാടുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരൻ, കെ.പി.രാജേന്ദ്രൻ, കെ പ്രകാശ്ബാബു , രാജാജി മാത്യു തോമസ്, സി.എൻ. ജയദേവൻ , വി.എസ്.സുനിൽകുമാർ, കെ.പി.സന്ദീപ്, ഷീന പറയങ്ങാട്ടിൽ,അഡ്വ.ടി.ആർ.രമേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.