തൃശൂർ: നഗരത്തിൽ ബസിൽ യാത്രചെയ്തിരുന്ന സ്ത്രീയുടെ ബാഗിനുള്ളിലെ പഴ്‌സിൽ സൂക്ഷിച്ചിരുന്ന 27,000 രൂപയും, ഗൾഫിൽ ജോലിചെയ്യുന്ന കാര്യത്തിന് ബാഗിൽ സൂക്ഷിച്ചിരുന്ന സുപ്രധാന രേഖകളും നഷ്ടപ്പെട്ടതായി പരാതി. ബസുകളിലും ഷോപ്പിംഗ് മാളുകളിലും, ഉത്സവപ്പറമ്പുകളിലും മറ്റു തിരക്കേറിയ സ്ഥലങ്ങളിലും സ്ത്രീകളിൽ നിന്നും പ്രായമായവരിൽ നിന്നും സ്വർണമാലയും പഴ്‌സും മൂല്യമേറിയ വസ്തുക്കളും മോഷ്ടിക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരം ഏതാനും ദിവസങ്ങൾക്കുമുമ്പ് സിറ്റി പൊലീസ് അറിയിച്ചിരുന്നു. ബസിനുള്ളിൽ കൃത്രിമമായി തിക്കും തിരക്കും സൃഷ്ടിച്ച് മറുനാട്ടുകാരായ സ്ത്രീ സംഘങ്ങൾ തന്നെയാണ് ഇത്തരം മോഷണങ്ങൾക്കു പിറകിലെന്നാണ് പ്രാഥമിക വിവരം. മോഷ്ടാക്കളെ പിടികൂടുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനും ബസുകളിലും, തിരക്കേറിയ സ്ഥലങ്ങളിലും മഫ്ടി വേഷത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ നഗരത്തിൽ പ്രത്യേക പരിശോധനയും ക്യാമറ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.