
തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡ് പൂരം പ്രദർശനത്തിന് തറവാടക നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി ഹൈന്ദവ സംഘടനകളും രാഷ്ട്രീയപാർട്ടികളും സമരരംഗത്തേക്ക്. ഹൈക്കോടതി പറഞ്ഞാൽ കുറയ്ക്കാമെന്ന് പറഞ്ഞ് വിശദീകരണവുമായി ദേവസ്വം ബോർഡ് രംഗത്തെത്തിയെങ്കിലും ദേവസ്വം മന്ത്രി മൗനം പാലിക്കുന്നുവെന്ന ആരോപണമാണ് മറ്റ് രാഷ്ട്രീയ പാർട്ടികൾ ഉയർത്തുന്നത്. കോൺഗ്രസ് ഇന്നലെ രാപ്പകൽ സമരവുമായെത്തിയപ്പോൾ തൃശൂർ പൂരത്തെ തകർക്കാനാണ് ശ്രമമെന്ന ആരോപണവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തി.
ദേവസ്വം ബോർഡിന്റെ നീക്കത്തിനെതിരെ ഇന്ന് വൈകീട്ട് 5.30 ന് നടുവിലാൽ പരിസരത്ത് പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ഉദ്ഘാടനം ചെയ്യും. അതേസമയം കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരായി കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ നാളെ വൈകിട്ട് നാലിന് നിൽപ്പ് സമരം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് അറിയിച്ചു. പൂരം, പ്രതിസന്ധി ഇല്ലാതെ നടത്തുന്നതിന് സമാന ചിന്താഗതിക്കാരുമായും, പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ, മേയ് മാസങ്ങളിലാണ് പൂരം പ്രദർശനം.
ദേവസ്വം ബോർഡ് തറക്കളി കളിക്കരുതെന്ന് കെ.മുരളീധരൻ
പൂരം പ്രദർശന നഗരിയുടെ തറവാടകയുടെ പേരിൽ കൊച്ചിൻ ദേവസ്വം ബോർഡ് തറക്കളി കളിക്കരുതെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ എം.പി ആവശ്യപ്പെട്ടു. തൃശൂർ പൂരം പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ടി.എൻ.പ്രതാപൻ എം.പിയുടെയും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിന്റെയും നേതൃത്വത്തിൽ കോൺഗ്രസ് കോർപ്പറേഷന് മുൻപിൽ നടത്തുന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വാസികളല്ലാത്തവർ ദേവസ്വം ഭരിക്കരുതെന്ന മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ നിലപാട് ശരിയാണെന്ന് ഇതോടെ ബോദ്ധ്യപ്പെട്ടു. ദേവസ്വത്തിന് തൃശൂർ പൂരം നടത്തിപ്പിൽ ഒരു റോളുമില്ല. കോടതിയുടെ പേരുപറഞ്ഞ് പൂരം പ്രദർശനത്തെയും പൂരത്തെയും തകർക്കാമെന്ന് ദേവസ്വം ബോർഡും എൽ.ഡി.എഫ് സർക്കാരും കരുതേണ്ട. വിധിയിൽ തെറ്റുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ അവസരമുണ്ടെന്നിരിക്കെ തറവാടക 2.20 കോടിയായി ഒറ്റയടിക്ക് വർദ്ധിപ്പിച്ചതിൽ കോടതിയെ പഴിചാരി രക്ഷപ്പെടാമെന്ന് കരുതേണ്ട. ശബരിമലയിലും എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച നയം ഇതാണ്. ഏത് മതമാണെങ്കിലും ആചാരാനുഷ്ഠാനം ലംഘിക്കപ്പെട്ടാൽ കോൺഗ്രസ് ഇടപെടുമെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ.പ്രതാപൻ എം.പി, പാറമേക്കാവ് -തിരുവമ്പാടി ദേവസ്വം ഭാരവാഹികളായ ഡോ.എം.ബാലഗോപാൽ, ജി.രാജേഷ് പൊതുവാൾ, ഇ.വേണുഗോപാൽ, കെ.ഗിരീഷ് കുമാർ, പി.എം.വിപിനൻ, എം.അനിൽകുമാർ, പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴേക്കാട്, വിനോദ് കണ്ടേങ്കാവിൽ, നന്ദൻ വാകയിൽ, എം.പി.വിൻസെന്റ്, ഒ.അബ്ദുറഹിമാൻകുട്ടി, ടി.വി.ചന്ദ്രമോഹൻ, എ.പ്രസാദ്, ഐ.പി.പോൾ. രാജൻ പല്ലൻ തുടങ്ങിയവർ പ്രസംഗിച്ചു.