കൊടുങ്ങല്ലൂർ: ദേശീയപാതയിൽ സി.ഐ ഓഫീസിന് സമീപം എലിവേറ്റഡ് ഹൈവേ കൊണ്ടുവരുമെന്ന ദേശീയപാത അതോറിറ്റിയുടെ വാഗ്ദാനം നടപ്പാക്കാത്തതിനെതിരെ ജനകീയ രോഷം ശക്തമാകുന്നു. സി.ഐ ഓഫീസിന് സമീപത്തെ സിഗ്നൽ ക്രോസിംഗ് അടയ്ക്കുന്നത് ഗതാഗതത്തിന് ഏറെ ബുദ്ധിമുട്ടുകൾക്ക് വഴിവയ്ക്കുമെന്ന് കൊടുങ്ങല്ലൂർ എലിവേറ്റഡ് ഹൈവേ കർമ്മസമിതി ചൂണ്ടിക്കാട്ടുന്നു. എലിവേറ്റഡ് ഹൈവേ കൊണ്ടുവരുമെന്ന പ്രഖ്യാപനം നടപ്പാക്കാതെയാണ് സി.ഐ ഓഫീസിന് സമീപത്തെ സിഗ്നൽ ക്രോസിംഗ് അടയ്ക്കുന്നത്. ഇത് പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. നഗരത്തിന് പടിഞ്ഞാറ് താമസിക്കുന്നവർക്ക് നഗരം അന്യമാകുന്ന വിധത്തിലാണ് സിഗ്‌നൽ ക്രോസിംഗ് അടയ്ക്കാൻ പോകുന്നത്. നഗരത്തിലുള്ള സർക്കാർ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, ആരാധാനലായങ്ങൾ എന്നിവിടങ്ങളിലേക്ക് വരുന്നത് സി.ഐ സിഗ്‌നൽ റോഡിലൂടെയാണ്. സി.ഐ ഓഫീസ് സിഗ്‌നലിലെ ക്രോസിംഗ് അടച്ചാൽ ഈ പ്രദേശത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന ജനങ്ങൾ കൊടുങ്ങല്ലൂർ നഗരത്തിലേക്ക് എത്താൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും. ഈ വിഷയത്തിൽ സ്ഥലം എം.പിയും കേന്ദ്ര സർക്കാർ പ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ജനറൽ കൺവീനർ അഡ്വ. കെ.കെ. അൻസാർ, ഡോ. ഒ.ജി. വിനോദ്, പി.ജി. നൈജി, പി. സുരേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രതിഷേധ കൂട്ടായ്മ ഇന്ന്
ദേശീയപാത അതോറിറ്റിയുടെ വാഗ്ദാന ലംഘനത്തിനെതിരെ കൊടുങ്ങല്ലൂർ എലിവേറ്റഡ് ഹൈവേ കർമ്മസമിതിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നഗരം നമ്മൾക്ക് അന്യമാകാതിരിക്കാൻ എന്ന മുദ്രാവാക്യവുമായി വൈകിട്ട് അഞ്ചിന് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിലാണ് പ്രതിഷേധ കൂട്ടായ്മ. ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസിലെ സി.ഐ ഓഫീസിന് സമീപത്തെ സമരപന്തലിൽ നിന്നും വൈകിട്ട് നാലിന് പ്രകടനം തുടങ്ങും. പ്രതിഷേധക്കൂട്ടായ്മയിൽ ജനങ്ങളുമായി ചർച്ച ചെയ്ത് തുടർ പ്രതിഷേധ പരിപാടികൾ തീരുമാനിക്കും.