kerala-vision

തൃശൂർ: പുതിയ ബ്രോഡ്ബാൻഡ് വരിക്കാർക്ക് 5ജി മോഡവും ഇൻസ്റ്റലേഷനും സൗജന്യമാക്കുന്ന കെവിഫൈ (Kvfi) 5ജി എന്ന പുതിയ സ്‌കീം ഇന്നുമുതൽ തുടങ്ങുമെന്ന് കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഉയർന്ന താരിഫ്പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് ഇത് ഗുണമാകും. നടപ്പ് സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ മോഡവും ഇൻസ്റ്റലേഷനും സൗജന്യമാക്കിയതിലൂടെ ഇതുവരെ രണ്ടരലക്ഷം വരിക്കാരുണ്ടായി.

ഡിജിറ്റൽ ടി.വി സർവീസിൽ നാല് വർഷമായി രാജ്യത്തെ ഏറ്റവും വലിയ ആറാമത്തെ സേവനദാതാവാകാൻ കഴിഞ്ഞു. 2013 മാർച്ചിൽ രാജ്യത്തെ പത്താമത്തെ വലിയ ഇന്റർനെറ്റ് സേവനദാതാവെന്ന അംഗീകാരം ലഭിച്ചു. മൂന്ന് മാസം കൊണ്ട് ഇത് എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. വൻകിട ടെലികോം കമ്പനികൾക്കിടയിൽ ഒരു സംസ്ഥാനത്ത് മാത്രം പ്രവർത്തിച്ചാണ് നേട്ടമുണ്ടാക്കിയത്. ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് നൽകുന്നതിലും ഒന്നാം സ്ഥാനത്താണ്. സ്വന്തം ഒ.ടി.ടി പ്ലാറ്റ്‌ഫോമും പുതുമകളുള്ള ഐ.പി.ടി.വി സേവനവും നൽകും. മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.

ഇന്ത്യയിൽ കേബിൾ ടി.വി വരിക്കാരുടെ എണ്ണം 40 ശതമാനം കുറഞ്ഞിട്ടും കേരളവിഷൻ വളർച്ച നിലനിറുത്തുന്നുണ്ടെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.വി.രാജൻ, സെക്രട്ടറി പി.ബി.സുരേഷ്‌കുമാർ, കേരളവിഷൻ ചെയർമാൻ കെ.ഗോവിന്ദൻ, മാനേജിംഗ് ഡയറക്ടർ സുരേഷ്‌ കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.