cf

വയനാട്ടിലെ കൂടല്ലൂരിൽ ക്ഷീരകർഷകൻ പ്രജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഭക്ഷിച്ച സംഭവത്തിന് ഞെട്ടൽ ഇനിയും മാറിയിട്ടില്ല. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ദാരുണമായ സംഭവമാണിത്.

13 വയസുള്ള നരഭോജി കടുവയെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ പിടികൂടിയിരുന്നു. പക്ഷേ, ഗുരുതരമായ പരിക്കുകളുമുണ്ടായിരുന്നു കടുവയ്ക്ക്.

മുഖത്തും താടിയിലും നടത്തിയ ശസ്ത്രക്രിയ വിജയകരമായി. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ്ക്കു ശേഷം ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി. ഒരാഴ്ചത്തെ നിരീക്ഷണം കഴിഞ്ഞ് പിന്നീട് കൂട്ടിലേക്ക് തുറന്നുവിടും. മുഖത്തും താടിയിലുമുള്ളത് കാര്യമായ മുറിവായതിനാലാണ് ഉടൻ ശസ്ത്രക്രിയ നടത്തിയത്. മുറിവിൽ പഴുപ്പുള്ളതിനാൽ ശക്തമായ ആന്റിബയോട്ടിക്ക് നൽകിയിരുന്നു.

കടുവയെ ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലത്താണ് മണ്ണുത്തി വെറ്ററിനറി കോളേജിലെ ഡോ.ശ്യാം വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയ നടത്തിയത്. കടുവയെ മയക്കാനുള്ള അനുമതി ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകിയിരുന്നു. സുവോളജിക്കൽ പാർക്കിലെ ഡോ.രാജാണ് മയക്കുവെടി വച്ചത്. വനത്തിനുള്ളിൽ മറ്റ് മൃഗങ്ങളുമായുള്ള ഏറ്റുമുട്ടലിലാകാം മുറിവുണ്ടായതെന്നാണ് നിഗമനം.

ഇനി, പരിക്കുകളെല്ലാം ഭേദമായാൽ കടുവയെ എന്തു ചെയ്യുമെന്ന ചോദ്യമാണ് ശേഷിക്കുന്നത്. കാടുകളിലേക്ക് തുറന്നുവിട്ടാൽ വീണ്ടും ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങി വരുമോ എന്ന ആശങ്ക ഒരുവശത്തുണ്ട്. എന്നാൽ അതേസമയം, പിടികൂടുന്ന മൃഗങ്ങളെയെല്ലാം പാർക്കുകളിലേക്കും മൃഗശാലയിലേക്കും കൊണ്ടുവന്ന് പാർപ്പിക്കരുതെന്ന ആവശ്യവും ഉയരുന്നുണ്ട്. പരിക്കുകൾ ഭേദപ്പെട്ടാൽ കാടുകളിലേക്ക് വിടണമെന്നാണ് പരിസ്ഥിതി-മൃഗസംരക്ഷണ പ്രവർത്തകരുടെ ആവശ്യം. ഉൾക്കാടുകളിലേക്കോ കടുവാസങ്കേതങ്ങളിലേക്കോ തുറന്നുവിടാൻ കഴിയുമെന്നും അവർ പറയുന്നു.

ജനവാസകേന്ദ്രങ്ങളിലേക്ക് കടുവ തിരിച്ചുവരില്ലെന്ന് ഉറപ്പുവരുത്താനൊന്നും കഴിയില്ലെങ്കിലും സ്വാഭാവികവാസകേന്ദ്രങ്ങളിലേക്ക് അവയെ തിരിച്ചുവിടണമെന്ന ആവശ്യമാണ് അവർ ഉയർത്തുന്നത്. പക്ഷേ, ജനങ്ങളെ സംബന്ധിച്ചിടത്തോളം ജീവനും കാർഷികവിളകൾക്കും വന്യമൃഗങ്ങൾ സൃഷ്ടിക്കുന്ന ഭീഷണി അനുദിനം കൂടിവരികയാണ്. കടുവ മാത്രമല്ല, ആനയും പുലിയും കാട്ടുപോത്തും പന്നിയുമെല്ലാം ജീവനെടുത്തിട്ടുണ്ട്.

തൃശൂർ നഗരത്തിനോട് ചേർന്നുളള അയ്യന്തോളിൽ ബെെക്കിനുമുകളിലേക്ക് മയിൽ പറന്നുവീണ് പോലും ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു ബെെക്ക് യാത്രക്കാരൻ മരിച്ചു. അതുകൊണ്ടു തന്നെ പിടികൂടിയ മൃഗങ്ങളെ പാർക്കുകളിൽ തന്നെ പാർപ്പിക്കണമെന്നാണ് വലിയൊരു വിഭാഗം ജനങ്ങളുടേയും ആവശ്യം. ഒരിക്കൽ മനുഷ്യനെ ആക്രമിച്ച കടുവയും പുലിയുമെല്ലാം വീണ്ടും ആക്രമിക്കുമെന്ന വാദഗതിയും ഉയർന്നുവരുന്നുണ്ട്. ചുരുക്കത്തിൽ ഈ വിഷയം സർക്കാരിനും ഉദ്യോഗസ്ഥർക്കും ഒരർത്ഥത്തിൽ തലവേദനയാണ്.

പ്രദർശന വസ്തുവല്ല

മൃഗങ്ങൾ?

പിടികൂടിയ മൃഗങ്ങളെ കാട്ടിൽ തന്നെ വിടണമെന്നും മൃഗങ്ങൾക്ക് സ്വൈര്യമായി വിഹരിക്കാനുള്ള അവസരം ഒരുക്കണമെന്നും ഫ്രണ്ട്‌സ് ഒഫ് സൂ അടക്കം ആവശ്യപ്പെടുന്നുണ്ട്. അവയെ ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതും ശരിയല്ലെന്ന വാദവും ആ സംഘടന ഉയർത്തുന്നുണ്ട്.

പിടികൂടുന്ന മൃഗങ്ങളുടെ ആരോഗ്യം വീണ്ടെടുത്താൽ വനത്തിലേക്ക് തന്നെയാണ് വിടേണ്ടതെന്നും മറിച്ച് പാർക്കുകളിൽ മൃഗങ്ങളുടെ എണ്ണം കൂട്ടാൻ ഉൾപ്പെടുത്തരുതെന്നും ഫ്രണ്ട്‌സ് ഒഫ് സൂ സെക്രട്ടറി എം. പീതാംബരൻ മാസ്റ്റർ പറയുന്നു.

പത്തുവർഷം മുൻപേ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മൃഗങ്ങളെ മാറ്റുമ്പോൾ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ മുൻകൂർ അനുമതി വാങ്ങണമെന്നും ഉത്തരവിലുണ്ടായിരുന്നു. കൂടുതൽ ഉദ്യോഗസ്ഥരുടെ സാമീപ്യം പോലും ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിരുന്നു. പക്ഷേ, ഇതൊന്നും ഇപ്പോൾ പാലിച്ചു കാണുന്നില്ല. നിരവധി പേർ പാർക്ക് തുറക്കുംമുൻപേ മൃഗങ്ങളെ കാണാൻ ശ്രമിക്കുന്നു. അത് അവയ്ക്ക് കൂടുതൽ അസ്വസ്ഥതയും ഭയവും ഉണ്ടാക്കുന്നുണ്ടെന്നാണ് മൃഗസംരക്ഷണപ്രവർത്തകർ പറയുന്നത്.

തുറക്കും മുൻപേ

പാർക്ക് ലെെവ്

കേരളത്തിൽ ഏത് മൃഗങ്ങളെയും കാടുകളിൽ നിന്ന് പിടികൂടേണ്ടി വന്നാൽ പാർപ്പിക്കാനും ചികിത്സിക്കാനുമുള്ള എല്ലാ സൗകര്യവുമുള്ളത് പുത്തൂരിലാണ്. ക്വാറന്റൈൻ കേന്ദ്രവും ആശുപത്രിയുമെല്ലാം സജ്ജമായതിനാൽ കാട്ടിൽ നിന്ന് പിടികൂടുന്ന മൃഗങ്ങളെ പുത്തൂർ സുവോളജിക്കൽ പാർക്ക് ലൈവാണ്. തൃശൂർ മൃഗശാലയിൽ നിന്ന് മയിലുകളെ എത്തിച്ചതിനു പിന്നാലെ പക്ഷികളും കടുവകളും കുരങ്ങുമെല്ലാം എത്തിയത് പാർക്കിനെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു.

വിദേശമൃഗങ്ങളെ കൊണ്ടുവരുന്നതിന് നിയോഗിച്ച ഏജൻസികളുടെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയായ പാർക്ക് ഉടൻ തുറക്കാനാകുമെന്നാണ് വിവരം. തൃശൂർ മൃഗശാലയിൽനിന്ന് പാർക്കിലേക്ക് ജീവികളെ മാറ്റുന്നതിന് കേന്ദ്ര മൃഗശാലാ അതോറിട്ടിയുടെ അനുമതി ലഭിച്ചിരുന്നു. ഏതാണ്ട് പത്ത് ശതമാനം നിർമ്മാണം മാത്രമാണ് ബാക്കിയുളളത്.

പക്ഷികൾ, കുരങ്ങുകൾ, കാട്ടുപോത്ത്, ചീങ്കണ്ണി, മാൻ, പുലി, ജിറാഫ് തുടങ്ങിയവയുടെ ആവാസസ്ഥലങ്ങൾ, ഓറിയന്റേഷൻ സെന്റർ, ടിക്കറ്റ് കൗണ്ടർ, എലിവേറ്റഡ് നടപ്പാത, ഡൈവേഴ്‌സിറ്റി സെന്റർ എന്നിവയുടെ നിർമ്മാണവും കഴിഞ്ഞു. മൃഗങ്ങളെ വീക്ഷിക്കാനുള്ള സന്ദർശക ഗാലറികൾ, വിശാലമായ പാർക്കിംഗ് സ്ഥലം, റിസപ്ഷൻ ആൻഡ് ഓറിയന്റേഷൻ സെന്റർ, സർവീസ് റോഡുകൾ, ട്രാം റോഡുകൾ, സന്ദർശക പാതകൾ, ട്രാം സ്റ്റേഷനുകൾ, കഫ്റ്റീരിയ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് സമുച്ചയം, ക്വാർട്ടേഴ്‌സുകൾ എന്നിവയും പാർക്കിൽ സജ്ജമായി.

350 ഏക്കർ വിസ്തൃതിയിൽ 300 കോടിയിലേറെ രൂപയാണ് നിർമ്മാണച്ചെലവ്. പാർക്ക് തുറക്കുമ്പോൾ പക്ഷിമൃഗാദികൾ 500 ലേറെയുണ്ടാകും. തൃശൂർ മൃഗശാലയിൽ നിന്ന് മാറ്റുന്നത് 439 പക്ഷിമൃഗാദികളെയാണ്.
മൂന്ന് കടുവകളാണ് പാർക്കിലുളളത്. വയനാട്ടിൽ നിന്നെത്തിച്ച കടുവയെ കൂടാതെ കടുവകളായ ദുർഗയും വൈഗയും ഇവിടെയുണ്ട്.

ലിയോ എന്നൊരു പുലിക്കുട്ടിയുമുണ്ട്. മറ്റൊന്ന് സിംഹവാലൻ കുരങ്ങാണ്. 31 പക്ഷികളും പാർക്കിലെത്തി. ചുരുക്കത്തിൽ പാർക്കിലുള്ള ഭൗതികസൗകര്യങ്ങൾ കേരളത്തിൽ മറ്റെവിടെയുമില്ല. നാലോ അഞ്ചോ കടുവകൾക്കുള്ള ഐസൊലേഷൻ കേന്ദ്രമുണ്ട്. മൃഗങ്ങളുടെ വൈകല്യങ്ങളും പരിക്കുകളും ചികിത്സിക്കാനും

പാർക്കിൽ എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചുകഴിഞ്ഞുവെന്ന് പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ. കീർത്തി പറയുന്നു.

ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമാകുന്ന പാർക്ക് കേരളത്തിന്റെ അഭിമാന പദ്ധതിയാണ്. വിദേശമൃഗങ്ങൾ ഇവിടെയെത്തുന്നതോടെ പാർക്കിന്റെ വലിപ്പം പുറംരാജ്യങ്ങളിലുമെത്തും. വിദേശടൂറിസ്റ്റുകൾ ഒഴുകിയെത്തും. അപ്പോഴും ഒരു കാര്യം നമ്മൾ ഉറപ്പുനൽകേണ്ടതുണ്ട്, മൃഗങ്ങളോടുള്ള നീതി. വിദേശ വിനോദസഞ്ചാരികൾ അതും കൂടി വിലയിരുത്തിയാകും കേരളത്തെ കുറിച്ചുല്ള അഭിപ്രായം പങ്കുവയ്ക്കുക. കേരളം ദെെവത്തിന്റെ സ്വന്തം നാടാണെന്ന് വീണ്ടും ആവർത്തിക്കുമ്പോൾ അക്കാര്യം മറക്കാതിരിക്കുക.