തൃശൂർ: ക്രിസ്മസിന് രണ്ട് ദിവസം മാത്രം ശേഷിക്കേ ചന്ത കാലി. സബ്‌സിഡിയിനം നാലെണ്ണം മാത്രം. ഒരു ദിവസത്തെ ജോലികളഞ്ഞ് പ്രതീക്ഷയോടെയെത്തിയവർക്ക് നിരാശയോടെ മടക്കം. ജില്ലയിലെ ഏകകേന്ദ്രമായ വടക്കെ സ്റ്റാൻഡിനടുത്തെ സപ്ലൈകോ ഫെയറിൽ 13 ഇനങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
ക്രിസ്മസ് ഫെയർ ഇന്നലെ ആരംഭിക്കുമെന്നറിഞ്ഞ് പുലർച്ചെ മുതൽ ക്യൂ നിന്ന് ടോക്കൺ എടുത്താണ് ഉദ്ഘാടനനാളിൽ തന്നെ സാധനങ്ങൾ വാങ്ങാനെത്തിയത്. ഉദ്ഘാടനത്തിന് മുമ്പ് സാധനങ്ങളെല്ലാം എത്തുമെന്ന പ്രതീക്ഷിലായിരുന്നു ഉദ്യോഗസ്ഥരും. മേയറെയും എം.എൽ.എയെയും ഉദ്ഘാടനത്തിനും ക്ഷണിച്ചിരുന്നു.
പൊതുവിപണിയിൽ തീവിലയായതോടെ ആശ്വാസം തേടിയാണ് സപ്ലൈകോയെ ആശ്രയിക്കുന്നത്. നാട്ടിൻപുറങ്ങളിലെ മാവേലി സ്റ്റോറുകളിൽ സബ്സിഡി ഇനങ്ങൾ ഇല്ലാതായതോടെയാണ് ആളുകൾ ക്രിസ്മസ് ചന്തയിലേക്ക് തള്ളിക്കയറിയത്.
ബഹളം വച്ചു, ഉദ്ഘാടനം ചെയ്യാതെ മടങ്ങി
സബ്‌സിഡി സാധനങ്ങൾ ഇല്ലാത്തതിനാൽ തൃശൂരിൽ സപ്ലൈകോ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി. ഇന്നലെ രാവിലെ പത്തോടെയാണ് ക്രിസ്മസ് ചന്ത ഉദ്ഘാടനം ചെയ്യാൻ മേയർ എം.കെ. വർഗീസും പി. ബാലചന്ദ്രൻ എം.എൽ.എയും എത്തിയത്. മണിക്കൂറുകളോളം കാത്തുനിന്നവർ ജനപ്രതിനിധികളെ കണ്ടതോടെ നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ചു. ചടങ്ങ് തുടങ്ങും മുമ്പ് വരിനിന്നവർക്ക് സാധനങ്ങൾ കൊടുക്കാൻ മേയർ നിർദ്ദേശം നൽകി. ഇതിനിടെ നാല് സബ്സിഡി സാധനങ്ങൾ മാത്രമേയുള്ളൂവെന്ന് അറിഞ്ഞതോടെ ആളുകൾ ബഹളം വച്ചു. തുടർന്ന് ഉദ്ഘാടനച്ചടങ്ങിനെത്തിയ ഇരുവരും ചടങ്ങ് നടത്താതെ മടങ്ങി.
പ്രഖ്യാപനം 13 ഇനം, ഉള്ളത് നാലിനം മാത്രം
ഇന്നലെ തൃശൂരിലെ ക്രിസ്മസ് ഫെയർ ആരംഭിക്കുമ്പോൾ സബ്‌സിഡി ഇനത്തിൽ ഉണ്ടായിരുന്നത് നാലിനങ്ങൾ, കുറുവ അരി, മല്ലി (അരകിലോ), ചെറുപയർ പരിപ്പ് (ഒരു കിലോ), വെളിച്ചെണ്ണ (ഒരു ലിറ്റർ) എന്നിവ മാത്രം. പച്ചരി, മട്ടഅരി, ജയ, കുറുവ, പഞ്ചസാര, ചെറുപയർ, ഉഴുന്ന്, തുവരപരിപ്പ്, മുളക്, വെളിച്ചെണ്ണ, മല്ലി, കടല, വൻപയർ തുടങ്ങി 13 ഇനങ്ങളാണ് സബ്‌സിഡി നിരക്കിൽ നൽകുമെന്നായിരുന്നു അറിയിപ്പ്. വൈകീട്ടായപ്പോഴേക്കും ഉഴുന്ന് എത്തിയെങ്കിലും വിൽപ്പനയ്ക്ക് സമയം ഉണ്ടായിരുന്നില്ല.
ഇന്ന് മുഴുവൻ സാധനങ്ങളും എത്തുമെന്നാണ് വിവരം. വിൽപ്പന നടത്തുന്നവയിൽ ചെറുപയർ സ്റ്റോക്ക് പരിമിതമാണ്. ഏറെ ആവശ്യമായ മുളക്, പരിപ്പ് ഉൾപ്പെടെയുള്ളവയ്ക്ക് നോ സ്‌റ്റോക്ക് ബോർഡാണ്.
പഴി ജീവനക്കാർക്ക്
ക്രിസ്മസ് ചന്ത കാലിയായതോടെ പഴി കേൾക്കുന്നത് ജീവനക്കാർക്ക്. പല സാധനങ്ങളും ഇല്ലെന്ന് അറിഞ്ഞതോടെ ടോക്കൺ എടുത്ത് എത്തിയവർ ജീവനക്കാർക്ക് നേരെ തിരിഞ്ഞു. എന്നാൽ ദയനീയാവസ്ഥ ബോദ്ധ്യപ്പെടുത്തിയതോടെ ജനം ശാന്തരായി. സപ്ലൈകോയ്ക്ക് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന മൊത്തക്കച്ചവടക്കാർക്ക് തുക നൽകുന്നതിൽ കുടിശ്ശിക വന്നതാണ് വിതരണം നിലച്ചതെന്നാണ് വിവരം.