1

തൃശൂർ: പെരുവനം അന്തർദേശീയ ഗ്രാമോത്സവം രണ്ടാം പതിപ്പ് ജനുവരി 5, 6, 7 തീയതികളിൽ പെരുവനം ശ്രീലകം കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. അക്ഷരം, കല, സംസ്‌കാരം എന്ന ഇതിവൃത്തത്തോടെ സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനം അഞ്ചിന് വൈകീട്ട് ആറിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഡി.ജി.പി: എസ്. ശ്രീജിത്ത് എന്നിവർ ചേർന്ന് നിർവഹിക്കും. വിനയ്‌ലാൽ സംവിധാനം ചെയ്ത് ദേവമാതാ സ്‌കൂളിലെ വിദ്യാർത്ഥികൾ അഭിനയിച്ച ജലമരണം എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനം തുടർന്ന് നടക്കും.

കലിഗ്രാഫി ശില്പശാല, കുട്ടികളുടെ റേഡിയോ എന്നിവയ്ക്ക് ജനുവരി മൂന്നിനും സിനിമാ ടോക്കീസിന് രണ്ടിനും തുടക്കമാകും. സാഹിത്യോത്സവം ജനുവരി ആറിന് രാവിലെ 9.30ന് ഭക്തികാവ്യ പ്രസ്ഥാനം ഇന്ത്യൻ പാരമ്പര്യം എന്ന വിഷയത്തിൽ പ്രൊഫ. കെ. സച്ചിദാനന്ദന്റെ പ്രഭാഷണത്തോടെ തുടങ്ങും. ഗിരീഷ് കാസറവള്ളി, ഡോ. സി.എസ്. വെങ്കിടേശ്വരൻ, ഷെഫ് സരേഷ് പിള്ള, ഡോ. അജു നാരായണൻ, അഷ്ടമൂർത്തി, സൃഷ്ടി ബാഘേൽ, അഡ്വ. എസ്. ജയശങ്കർ, മുരളി തുമ്മാരുകുടി, ദേവ്‌ദത്ത് പട്‌നായിക് സത്യൻ അന്തിക്കാട്, മേതിൽ ദേവിക തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.

ബാലകൃഷ്ണൻ കൊയ്യാൽ ക്യുറേറ്റ് ചെയ്യുന്ന അന്തർദേശീയ ഫോക് ആർട്‌സ് ഫെസ്റ്റിവലിൽ സിന്ധുദൂർഗിൽ നിന്നുള്ള നൂൽപ്പാവക്കൂട്ട്, ധർമ്മാവരത്തെ തോൽപ്പാവക്കൂത്ത് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പുസ്തകോത്സവവും അനുബന്ധമായി നടക്കും. ഭാരവാഹികളായ രാജീവ് മേനോൻ, ദിനേഷ് പെരുവനം, പ്രവീൺ വൈശാഖൻ, രവി വട്ടപ്പിള്ളി, ഡോ. ആർ.കെ. ഗോപാലകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.