suplyco

തൃശൂർ: സബ്‌സിഡി സാധനങ്ങൾ ഇല്ലാത്തതിനാൽ തൃശൂരിൽ സപ്ലൈകോയുടെ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി. നാട്ടുകാർ പ്രതിഷേധിച്ചതിനെത്തുടർന്ന് ഉദ്ഘാടനച്ചടങ്ങിനെത്തിയ മേയർ എം.കെ. വർഗീസും പി. ബാലചന്ദ്രൻ എം.എൽ.എയും മടങ്ങിപ്പോയി.

ഉദ്ഘാടനത്തിന് മുമ്പ് സാധനങ്ങൾ എത്തുമെന്നാണ് കരുതിയിരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. സബ്‌സിഡി സാധനങ്ങൾ ലഭിക്കുമെന്ന് കരുതി സപ്ലൈകോയിലെത്തിയ നിരവധി പേരാണ് നിരാശരായി മടങ്ങിയത്. ജോലിക്ക് പോലും പോകാതെയാണ് പലരും സാധനങ്ങൾ വാങ്ങാനെത്തിയത്. പതിമൂന്നിനം സബ്‌സിഡി സാധനങ്ങൾ വാങ്ങാമെന്ന സർക്കാർ പ്രഖ്യാപനം വിശ്വസിച്ചാണ് ക്രിസ്മസ് ചന്തയിലെത്തിയത്. ചടങ്ങ് തുടങ്ങും മുമ്പ് വരി നിന്നവർക്ക് സാധനങ്ങൾ നൽകാൻ മേയർ നിർദ്ദേശം നൽകി. സബ്‌സിഡി സാധനങ്ങൾ ആളുകൾ ചോദിച്ചതോടയാണ് കള്ളി വെളിച്ചത്തായത്.

അതേസമയം ഇരുവരും ബഹിഷ്‌കരിച്ച് പോയതല്ലെന്ന് സിവിൽ സപ്ലൈസ് മേഖലാ മാനേജർ വാർത്താക്കുറിപ്പിൽ അറിയിച്ചു.. സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധി മൂലം വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശികയായതിനാലാണ് സാധനങ്ങൾ എത്തിക്കാതിരുന്നത്. കുടിശ്ശിക നൽകാനുള്ള നടപടി ആരംഭിച്ചതായും ഇന്ന് മുതൽ സാധനങ്ങൾ എത്തുമെന്നും മാനേജർ അറിയിച്ചു.