കുന്നംകുളം: ആരോഗ്യ സേവനങ്ങൾ കൂടുതൽ വിപുലപ്പെടുത്തി നഗരത്തിലെ ജനങ്ങൾക്ക് ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താനായി കുന്നംകുളം നഗരസഭ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിൽ ആദ്യത്തെ സെന്റർ കുറുക്കൻപാറയിൽ ഡിസം. 24 ന് പ്രവർത്തനം ആരംഭിക്കുമെന്ന് ചെയർപേഴ്‌സൺ സീതാരവീന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
1.33 കോടി ചെലവിലാണ് നഗരസഭാ പരിധിയിൽ മൂന്ന് സെന്റർ ആരംഭിക്കുന്നത്. കുറുക്കൻപാറ കൂടാതെ വൈശേരി, ചൊവ്വന്നൂർ എന്നിവിടങ്ങളിൽ സെന്റർ ആരംഭിക്കാനുള്ള നടപടി പൂർത്തിയായതായി ചെയർപേഴ്‌സൺ അറിയിച്ചു. കുറുക്കൻപാറ ഗ്രീൻ പാർക്കിന് സമീപത്തെ വാടക കെട്ടിടത്തിലാണ് ആദ്യത്തെ സെന്റർ ആരംഭിക്കുന്നത്. ആരോഗ്യസേവനം കൂടുതൽ മെച്ചപ്പെടുത്താനായി സെന്ററിൽ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ളവരുടെ സേവനം എല്ലാ ദിവസവും രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ലഭ്യമാകും. തുടർന്ന് സമയക്രമത്തിൽ മാറ്റം വരുത്തുമെന്നും ചെയർപേഴ്‌സൺ കൂട്ടിച്ചേർത്തു.
കുറുക്കൻപാറ സെന്റർ 24 ന് രാവിലെ 10ന് എ.സി.മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.സുരേഷ്, സജിനി പ്രേമൻ, എ.എസ്.സനൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.