ഇരിങ്ങാലക്കുട : ഹരിത കർമ്മസേനാംഗത്തിനെതിരെ കൈയേറ്റമുണ്ടായ വിഷയത്തിൽ നിയമ നടപടിക്കൊരുങ്ങി നഗരസഭ. ഹരിത കർമ്മസേനാംഗത്തിന്റെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നുവെന്നും നഗരസഭ കൗൺസിൽ യോഗത്തിൽ വിമർശനം. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. കെ.ആർ. വിജയയാണ് വിഷയം ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ഉന്നയിച്ചത്. മാലിന്യമുക്ത കേരളത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥനത്തിനു നേരെയുളള ആക്രമണമായി വേണം ഇതിനെ കാണാനെന്നും കെ.ആർ. വിജയ പറഞ്ഞു. വിഷയത്തിൽ നഗരസഭ ഔദ്യോഗികമായി പരാതി നൽകണമെന്നും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കെ.ആർ. വിജയ ആവശ്യപ്പെട്ടു. ഹരിതകർമ്മ സേനാംഗങ്ങളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ പറഞ്ഞു. നഗരസഭ ഹരിത കർമ്മസേനയ്ക്ക് നൽകേണ്ട യൂണിഫോമടക്കമുളള ആനൂകൂല്യങ്ങൾ ഉടൻ നൽകണം. ഹരിതകർമ്മ സേനാംഗങ്ങളെ സംരക്ഷിക്കേണ്ട ജനപ്രതിനിധികൾ തന്നെ ഒത്തുതീർപ്പിനു ശ്രമിക്കുകയാണെന്ന് എൽ.ഡി.എഫ് അംഗം സി.സി. ഷിബിൻ കുറ്റപ്പെടുത്തി. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്ക് ഒപ്പം പോയ തന്നെയും നഗരസഭ ഉദ്യോഗസ്ഥരെയും മാറ്റി നിറുത്തിയാണ് പ്രതിയുടെ സാന്നിധ്യത്തിൽ പൊലീസ് ഒത്തുതീർപ്പിനു ശ്രമിച്ചതെന്ന് വാർഡ് കൗൺസിലർ കൂടിയായ യു.ഡി.എഫ് അംഗം അജിത്ത്കുമാർ പറഞ്ഞു. എക്കാലവും ഹരിതകർമ്മസേനയെ സംരക്ഷിച്ചു വരുന്ന നഗരസഭയാണ് ഇരിങ്ങാലക്കുട നഗരസഭയെന്ന് വൈസ് ചെയർമാൻ ടി.വി. ചാർളി പറഞ്ഞു. പരാതിയുമായെത്തിയ ഹരിതകർമ്മ സേനാംഗത്തിന് പൊലീസിന്റെ ഭാഗത്തു നിന്നും നീതി ലഭിച്ചില്ല. സമ്മർദ്ദത്തിനു വഴങ്ങിയാണ് പൊലീസ് ഒത്തുതീർപ്പിനു ശ്രമിച്ചതെും ടി.വി. ചാർളി ആരോപിച്ചു. അതേസമയം ഒത്തുതീർപ്പിനു ശ്രമിച്ച ജനപ്രതിനിധി ആരെന്നു വ്യക്തമാക്കണമെന്ന് യു.ഡി.എഫ് അംഗങ്ങളായ ബൈജു കുറ്റിക്കാടൻ, അജിത്ത്കുമാർ, ബിജു പോൾ അക്കരക്കാരൻ എന്നിവർ ആവശ്യപ്പെട്ടു. നഗരസഭയിലെ പതിനാലാം വാർഡിൽ ഇരുപത്തിനാലു പുര കോളനിവാസികൾക്ക് ആധാരം നൽകുന്നതു സംബന്ധിച്ച് റവന്യു അധികൃതരുമായി ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്ന് ചെയർപേഴ്‌സൺ സുജ സജ്ഞീവ്കുമാർ അറിയിച്ചു. അംബിക പള്ളിപ്പുറത്ത്, അൽഫോൻസ തോമസ്, എം.ആർ. ഷാജു എന്നിവരും സംസാരിച്ചു.

സംഭവമറിഞ്ഞ് പൊലീസ് സറ്റേഷനിൽ ചെന്നപ്പോൾ ഇരുവരും തമ്മിൽ ഒത്തുതീർപ്പായതായി എന്ന മറുപടിയാണ് പോലീസ് നൽകിയത്. ഇതിനെതിരെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതികരിച്ചാണ് മടങ്ങിയത്. ഹരിതകർമ്മ സേനാംഗത്തിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ നഗരസഭ നേരിട്ട് പരാതി നൽകും.

-സുജ സജ്ഞീവ്കുമാർ

(നഗരസഭാ ചെയർപേഴ്‌സൺ)

ഹരിതകർമ്മ സേനാംഗത്തെ വീട്ടുടമ മർദ്ദിച്ചതായി പരാതി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ ഹരിതകർമ്മ സേനാംഗത്തെ വീട്ടുടമ മർദ്ദിച്ചതായി പരാതി. നഗരസഭ അഞ്ചാം വാർഡിൽ തേലപ്പിള്ളിയിൽ പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിതകർമ്മ സേനാംഗം കരുവന്നൂർ സ്വദേശി പെരുമ്പുള്ളി വീട്ടിൽ ട്രീസ(50)യെയാണ് വീട്ടുടമ മർദ്ദിച്ചതായി പരാതിയുള്ളത്. മാലിന്യം ശേഖരിക്കാൻ എത്തിയ ട്രീസയുടെ കൈപിടിച്ച് തിരിക്കുകയും ക്യൂആർ കോഡ് സ്‌കാൻ ചെയ്യാൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പിടിച്ച് വാങ്ങുകയുമായിരുന്നുവെന്ന് പറയുന്നു. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ നഗരസഭ ഹെൽത്ത് ഉദ്യോഗസ്ഥരും വാർഡ് കൗൺസിലറുമായി പരാതി നൽകിയ ഇവരെ പൊലീസ് പ്രതിയുമായി സംസാരിച്ച് നിർബന്ധിച്ച് ഒത്തുതീർപ്പ് ആക്കിയതായും ട്രീസ പറഞ്ഞു. പിന്നീട് വിഷയത്തിൽ നഗരസഭയിലെ മറ്റ് കൗൺസിലർമാരും ഇടപെട്ടതോടെ വീണ്ടും പരാതിയുമായി മുന്നോട്ട് പോവുകയാണെന്നും ഇതിനിടെ മറ്റൊരു കൗൺസിലർ പറഞ്ഞിട്ടാണെന്ന് പറഞ്ഞ് ചിലർ വീണ്ടും ഒത്തുതീർപ്പിന് ശ്രമിച്ചതായും ട്രീസ പറഞ്ഞു. കൈയ്ക്ക് ഗുരുതര പരിക്കേറ്റ ട്രീസയ്ക്ക് ഒരാഴ്ച്ച പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.