perinjanam-

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം ഇ.ടി. ടൈസൺ എം.എൽ.എ ബാബുവിനും കുടുംബത്തിനും കൈമാറുന്നു.

കയ്പമംഗലം : തീപിടിച്ച് വീട് നഷ്ടപ്പെട്ട ബാബുവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുണയായി. പെരിഞ്ഞനം ചക്കാലയ്ക്കൽ ക്ഷേത്രത്തിന് സമീപത്തെ വെമ്പുലി വീട്ടിൽ ബാബുരാജനും കുടുംബത്തിനുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നാല് ലക്ഷം രൂപ അനുവദിച്ചത്. ഈ വർഷം ജൂലൈ ഏഴിനാണ് ബാബുരാജന്റെ വീട് ഷോർട്ട് സർക്യൂട്ട് മൂലം പൂർണമായും കത്തിനശിച്ചത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും പണവും ഉൾപ്പെടെയുള്ളവ കത്തി ചാമ്പലായിരുന്നു. നിർദ്ധനരായ ബാബുവിന്റെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ മനസിലാക്കി എം.എൽ.എയുടെ ഇടപെടലിലൂടെയാണ് ധനസഹായം ലഭ്യമാക്കിയത്. ഇ.ടി. ടൈസൺ എം.എൽ.എ ബാബുരാജനും കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം കൈമാറി. ചടങ്ങിൽ പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എൻ.കെ. അബ്ദുൾ നാസർ, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ സായിദ മുത്തുക്കോയ തങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എ. കരീം, വാർഡ് മെമ്പർമാരായ ശെൽവ പ്രകാശ്, സന്ധ്യ സുനിൽ എന്നിവർ സംസാരിച്ചു.