
വടക്കാഞ്ചേരി : ഭക്തിയും ജ്ഞാനവും പകർന്നു തരുന്നതാണ് ഭാഗവത ഗ്രന്ഥമെന്ന് കോഴിക്കോട് രാമകൃഷ്ണ മഠാധിപതി സ്വാമി നരസിംഹാനന്ദ പറഞ്ഞു. പാർളിക്കാട് തച്ചനാത്തുകാവ് ദേവീസന്നിധിയിലെ സത്രവേദിയായ നൈമിഷാരണ്യത്തിൽ ഭാഗവത തത്വസമീക്ഷാ സത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ നട്ടെല്ലാണ് ആത്മീയത.
ഭഗവാന്റെ പാദങ്ങളിൽ എല്ലാം സമർപ്പിച്ചാൽ ജീവിതം ധന്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് ഭാഗവത ഗ്രന്ഥം, ശ്രീകൃഷ്ണ പ്രതിമ, ധർമ്മ ധ്വജം എന്നിവ വഹിച്ചുള്ള രഥം വാദ്യമേളങ്ങളുടെ അകമ്പടിയോടെ സത്രവേദിയിൽ സംഗമിച്ച ശേഷമാണ് സത്ര സമാരംഭ സമ്മേളനം ആരംഭിച്ചത്. ഹിന്ദു നവോത്ഥാൻ പ്രതിഷ്ഠാൻ സ്വാമി ഭൂമാനന്ദ തീർത്ഥ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഭൂമാനന്ദ രചിച്ച ഭഗവത്ഗീത തത്വ പ്രവേശിക എന്ന പുസ്തകം ഏറ്റുമാനൂരപ്പൻ കോളേജ് അസോസിയേറ്റ് പ്രൊഫസർ സരിത അയ്യർ പ്രകാശനം ചെയ്തു. മെട്രോമാൻ ഇ.ശ്രീധരൻ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, സ്വാമി നിഗമാനന്ദ, തൃശൂർ രാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ് ഭവാനന്ദ, നഗരസഭാ ചെയർമാൻ പി.എൻ.സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് കെ.അജിത് കുമാർ, നഗരസഭാ ഡിവിഷണൽ കൗൺസിലർ ധന്യ നിധിൻ, പ്രൊഫ.സാധു പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.