തൃശൂർ: മദ്ധ്യവർഗ സവർണവ്യക്തിത്വത്തെ പിളർത്തിക്കാണിച്ച് അവർ ഉള്ളിൽക്കൊണ്ടു നടക്കുന്ന വൈരുദ്ധ്യത്തെ സ്വന്തം കവിതകളിലൂടെ തുറന്നാവിഷ്‌കരിച്ച കവിയാണ് വൈലോപ്പിള്ളിയെന്ന് സുനിൽ പി. ഇളയിടം. വൈലോപ്പിള്ളി സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാകവിയുടെ ചരമവാർഷികച്ചടങ്ങിൽ വൈലോപ്പിള്ളി കവിയും ലോകവൈരുദ്ധ്യങ്ങളും എന്ന വിഷയം ആധാരമാക്കി സ്മാരകപ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഇതരമലയാളകവികളുടെ ജീവിതസമീപനത്തിൽ നിന്ന് വ്യത്യസ്തമായ ധീരമായ കാഴ്ചപ്പാട് അദ്ദേഹം കവിതയിൽ അവതരിപ്പിച്ചു. ഇന്നത്തെ കവിതയിൽ കാണുന്ന മട്ടുള്ള ദൈനംദിന ജീവിതത്തിലെ പദചേരുവയ്ക്ക് കവിതയിൽ പ്രവേശനം നൽകത്തക്കവിധം മലയാളത്തിലെ കാവ്യഭാഷയെ പുതുക്കിപ്പണിയുക കൂടി ചെയ്തു വൈലോപ്പിള്ളി എന്നും അദ്ദേഹം കൂടിച്ചേർത്തു. എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച സമിതിയുടെ മുൻ പ്രസിഡന്റ് ഡോ. എസ്.കെ. വസന്തനെ യോഗത്തിൽ ഡോ. പി.വി. കൃഷ്ണൻ നായർ പൊന്നാടയണിയിച്ച് ആദരിച്ചു.
നാൽപ്പത് വയസിൽ താഴെയുള്ള കവികളുടെ സമാഹാരത്തിന് സമിതിയുടെ ആഭിമുഖ്യത്തിൽ നൽകിവരുന്ന വൈലോപ്പിള്ളിക്കവിതാ പുരസ്‌കാരം ബോർഡർ ലൈൻ എന്ന സമാഹാരത്തിന്റെ രചയിതാവായ രേഷ്മ സി.ക്ക് സമ്മാനിച്ചു. പ്രൊഫ. എം. ഹരിദാസ്, ഇ.ഡി. ഡേവിസ്, ടി.ജി. അജിത, എസ്.കെ. വസന്തൻ, രേഷ്മ സി., ഡോ. ടി. ശ്രീകുമാർ, ജി.ബി. കിരൺ തുടങ്ങിയർ പ്രസംഗിച്ചു.