തൃശൂർ: മന്ത്രിമാരെയും എം.എൽ.എമാരെയും കണ്ടു. സി.പി.എം. സംസ്ഥാന സെക്രട്ടറിയെയും നേരിൽക്കണ്ട് പ്രശ്‌നം അവതരിപ്പിച്ചു. എന്നിട്ടും ഏഴ് മാസമായി ശമ്പളമില്ല. ഇനി സമരമല്ലാതെ മാർഗ്ഗമില്ല, പറയുന്നത് തൃശൂർ ബാലഭവൻ ജീവനക്കാർ.
ഓണത്തിന് പട്ടിണിക്കിട്ടു. ക്രിസ്മസിനും അതാകും സ്ഥിതി. ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് ജനുവരി മൂന്ന് മുതൽ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് നടത്തും. ബാലഭവന് മുന്നിൽ പ്രതിഷേധ ധർണ്ണയുണ്ടാകും. ശമ്പളം മുടങ്ങിയിട്ടും ജനപ്രതിനിധികൾ ഇടപെടാത്തത് വേദനാജനകമാണെന്ന് ജീവനക്കാർ പറഞ്ഞു. സാംസ്‌കാരിക, ധന മന്ത്രിമാരോടും പി.ബാലചന്ദ്രൻ എം.എൽ.എയോടും പ്രശ്‌നം അവതരിപ്പിച്ചിരുന്നു. മന്ത്രി കെ.രാജനയും കണ്ടു. ചെയർമാനായ കളക്ടറും, മന്ത്രിയും തമ്മിൽ ചർച്ച നടത്തുകയും പ്രശ്‌ന പരിഹാരത്തിന് മന്ത്രി സാംസ്‌കാരിക മന്ത്രിയെ വിളിക്കുകയും ചെയ്തിരുന്നു. എന്നിട്ടും മുടങ്ങിയ ശമ്പളം കിട്ടിയില്ല.
ചർച്ചയ്ക്കും ക്ഷണിച്ചില്ല
നവകേരള സദസിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാർക്ക് നിവേദനം നൽകി. പ്രശ്‌നവുമായി ബന്ധപ്പെട്ട് അനിശ്ചിതകാല സമരം തുടങ്ങുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതലയുള്ള സാംസ്‌കാരിക വകുപ്പ് ഡയറക്ടർക്കും, ബാലഭവൻ ചെയർമാനായ ജില്ലാ കളക്ടർക്കും നോട്ടീസ് നൽകിയിട്ടും ജീവനക്കാരെ ചർച്ചയ്ക്ക് പോലും ക്ഷണിച്ചിട്ടില്ല.