കൊടുങ്ങല്ലൂർ: ബൈപാസിലെ സി.ഐ ഓഫീസ് സിഗ്‌നലിൽ എലിവറ്റേഡ് ഹൈവേ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എലിവേറ്റഡ് ഹൈവേ ഗുണഭോക്തൃ കർമ്മസമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ക്രോസിംഗ് അടച്ചുകെട്ടിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടയുമെന്ന് പ്രഖ്യാപിച്ചു. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ അണിനിരന്ന പ്രകടനം ദേശീയപാത അധികൃതർക്കുള്ള ശക്തമായ മുന്നറിയിപ്പായി. കർമ്മസമിതി നടത്തിവരുന്ന സമരപ്പന്തലിൽ നിന്ന് ആരംഭിച്ച ശക്തിപ്രകടനം ചന്തപ്പുര വഴി കൊടുങ്ങല്ലൂർ നഗരം ചുറ്റി കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സമാപിച്ചു. പൊലീസ് മൈതാനിയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ആർ.എം. പവിത്രൻ അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർമാൻ വി.എസ്. ദിനൽ, എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ഷാജഹാൻ, നഗരസഭാ കൗൺസിലർ സി.എസ്. സുമേഷ്, സി.പി.എം ഏരിയ സെക്രട്ടറി കെ.ആർ. ജൈത്രൻ, ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.ജി. ശിവനാനന്ദൻ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി കെ.ആർ. വിദ്യാസാഗർ, വേണു വെണ്ണറ, ഇ.എസ്. സാബു, എ.എം. ജബ്ബാർ, കെ.ജെ. ശ്രീജിത്ത് നയനം, ഡോ. കെ.പി. സുമേധൻ, പി. രാമൻകുട്ടി, സി.എസ്. വിമൽ തുടങ്ങിയർ സംസാരിച്ചു. കെ.കെ. അൻസാർ സ്വാഗതവും പി. സുരേഷ് നന്ദിയും പറഞ്ഞു.