1

ചെറുതുരുത്തി: കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന കഥകളി സ്‌കൂളിന്റെ കളിയച്ഛൻ പുരസ്‌കാരം ഡോ. കലാമണ്ഡലം ഗോപിക്കും മാദ്ധ്യമ രംഗത്തെ സമഗ്ര സംഭാവന നൽകുന്ന നവജീവൻ പുരസ്‌കാരം കെ.കെ. ഗോപാലകൃഷ്ണനും സമ്മാനിക്കുമെന്ന് ഭാരാവഹികൾ. 28 മുതൽ 30 വരെ കഥകളി സ്‌കൂളിൽ നടക്കുന്ന കഥകളി സ്‌കൂൾ പതിനഞ്ചാം വാർഷികം ദേശീയ കഥകളി മഹോത്സവത്തോട് അനുബന്ധിച്ച് 30ന് നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാര വിതരണം നടത്തും. 28ന് വൈകിട്ട് നൃത്ത നൃത്യങ്ങളും കഥകളിയും നടക്കും. 29ന് ഉച്ചയ്ക്ക് രണ്ടിന് കളരിപ്പയറ്റും, നൃത്തവും, കഥകളിയും അരങ്ങേറും. 30ന് രാവിലെ പത്തിന് സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാര സമർപ്പണ ടി.കെ. രാജീവ് കുമാർ ഉദ്ഘാടനം ചെയ്യും. മഹാകവി പി. കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ കളിയച്ഛൻ പുരസ്‌കാരം 25000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ്. വാർത്താ സമ്മേളനത്തിൽ കഥകളി സ്‌കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണൻ, വി. മുരളി, കൃഷ്ണകുമാർ പൊതുവാൾ, വിപിൻ കുടിയേടത്ത്, കെ.എസ്. സുമേഷ് എന്നിവർ പങ്കെടുത്തു.