തൃശൂർ: അന്തിക്കാട്ടെ ചെത്തുത്തൊഴിലാളികളുടെ സമരപോരാട്ട ചരിത്രത്തിലെ നെടുംതൂണായ ചെത്തു തൊഴിലാളി യൂണിയൻ പിറവിയെടുത്തിട്ട് എട്ട് പതിറ്റാണ്ട് പിന്നിടുന്നു. അവശരും അവഗണിക്കപ്പെട്ടവരുമായി ജോലി ചെയ്തിരുന്ന ഏനാമ്മാവ് പെരിങ്ങോട്ടുകര മേഖലയിലെ ചെത്തു തൊഴിലാളികൾ തൊഴിലിനും കൂലിക്കും വേണ്ടി നടത്തിയ സമര പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതിനായാണ് യൂണിയൻ ആരംഭിച്ചത്.
1940 മുതൽ രഹസ്യമായി പ്രവർത്തനം ആരംഭിച്ചെങ്കിലും 1942 ലാണ് ചെത്തു തൊഴിലാളി യൂണിയൻ രൂപം കൊണ്ടത്. ജോർജ് ചടയം മുറിയുടെ നേതൃത്വത്തിലായിരുന്നു തുടക്കം. പിന്നീട് ടി.ഡി. ഗോപി, ടി.എൻ. നമ്പൂതിരി, എൻ.ഡി. വാസുദേവൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ജനുവരി രണ്ടിന് കമ്മ്യൂണിറ്റ് പാർട്ടി നേതാവമായ എം.എ. കാക്കുവാണ് ഉദ്ഘാടനം നിർവഹിച്ചത്. ആദ്യത്തെ ജനറൽ സെക്രട്ടറി കെ.ജി. ദാമോദരനും പ്രസിഡന്റ് കെ.കെ. രാമനുമായിരുന്നു.
സമാനതകളില്ലാത്ത സമരചരിത്രം
ജീവിക്കാനായുള്ള പോരാട്ടത്തിൽ സമാനതകളില്ലാത്ത സമരചരിത്രമാണ് ഏനമ്മാവ് - പെരിങ്ങോട്ടുകരയിലെ 12 വില്ലേജുകളിലെ ചെത്തുതൊഴിലാളികൾക്കുള്ളത്. യൂണിയൻ രൂപീകരിച്ച് രണ്ടാഴ്ചയ്ക്കകം ചെത്തുതൊഴിലാളികളുടെ പണിമുടക്ക് സമരം ആരംഭിച്ചു. പണിമുടക്കിയ രണ്ടായിരത്തിലധികം തൊഴിലാളികൾ പങ്കെടുത്ത പലരെയും ഞെട്ടിച്ചു. അന്നുമുതൽ തുടങ്ങിയ സമരങ്ങളും ഏറ്റുമുട്ടലുകളും കാൽ നൂറ്റാണ്ട് കാലം തുടർന്നു.
കുലമുറി സമരം
പണിമുടക്ക് സമരം പൊളിക്കാൻ ഉടമകൾ നടത്തിയ നീക്കത്തിനെതിരെ യൂണിയൻ കുലമുറി സമരത്തിന് ആഹ്വാനം ചെയ്തു. ഒറ്റരാത്രികൊണ്ട് ആയിരക്കണക്കിന് ലിറ്റർ ചെത്തുന്ന തെങ്ങിന്റെ കുലകൾ മുറിച്ച് താഴെയിട്ടു. ഇതും ഒരു ചരിത്രം.
കൊല്ലപ്പെട്ടത് 11 പേർ
മർദ്ദനമേറ്റ് നൂറുകണക്കിന് തൊഴിലാളികൾ ജീവച്ഛവങ്ങളായി മാറി. 11 പേർ മരണത്തിന് കീഴടങ്ങി. മാങ്ങാട്ടുകരയിലെ പി.സി. കൊച്ചുകുട്ടനാണ് ആദ്യ രക്തസാക്ഷി. വി.എസ്. ചാത്തു, ചെമ്മാനി കൊച്ചുണ്ണി കേളപ്പൻ, ചക്കാലപ്പറമ്പിൽ സി.വി. കുട്ടൻ, കാക്കനാട്ട് കെ.കെ. കൃഷ്ണൻകുട്ടി, ചെമ്മാനി ഭാസ്‌കരൻ, കാഞ്ഞൂര് കുഞ്ഞുമാമ, സി.ആർ. പാറൽ, കോഴിക്കാട്ടിൽ കെ.കെ ബാലൻ, സി.കെ. രാഘവൻ, കുറ്റിയിൽ ശങ്കരൻ എന്നിവരാണ് മരിച്ചത്. ഇവരിൽ വി.എസ്. ചാത്തുവും സി.കെ. രാഘവനും സമരത്തെ സഹായിക്കാൻ എത്തിയ നേതാക്കളായിരുന്നു.