
ചാലക്കുടി: ഐ.ടി.ഐ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് ജീപ്പ് അടിച്ചു തകർക്കുയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് നിധിൻ പുല്ലൻ അറസ്റ്റിൽ. കൊലപാതക ശ്രമം, പൊതു മുതൽ നശിപ്പിക്കൽ, ഗവ. ഉദ്യോഗസ്ഥരെ ആക്രമിക്കൽ എന്നീ കുറ്റങ്ങളാണ് നിധിനെതിരെ ചുമത്തിയിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
അറസ്റ്റിലായ മറ്റു പ്രതികളും എസ്.എഫ്.ഐ പ്രവർത്തകരുമായ സാന്ദ്ര, വിൻഫിൻ, ഷെമിം, ഗ്യാനേഷ്, ജിയോ എന്നിവരെ ചാലക്കുടി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതിയെ മോചിപ്പിക്കുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത സി.പി.എം ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ്.അശോകൻ, ഏരിയ കമ്മിറ്റിയംഗം ജിൽ ആന്റണി എന്നിവരുടെ പേരിലും കേസെടുത്തു. 25 ഓളം പ്രതികളാണ് ആകെയുള്ളത്. ഒല്ലൂരിൽ നിന്നാണ് ഒളിവിലായിരുന്ന നിധിനെ പിടികൂടിയത്.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഘർഷമുണ്ടായത്. പ്രകടനം നടത്തിയ വിദ്യാർത്ഥികളെ പൊലീസ് വിരട്ടിയോടിക്കുന്നത് ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് സംഘർഷത്തിന് തുടക്കമിട്ടത്. രാത്രിയോടെ നിധിനെ അറസ്റ്റ് ചെയ്യാനെത്തിയ ഡിവൈ.എസ്.പി ടി.എസ്.സിനോജിനും സംഘത്തിനു നേരെയും അക്രമശ്രമമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി റൂറൽ എസ്.പി സ്ഥലത്തെത്തി പൊലീസിൽ നിന്ന് വിശദീകരണം തേടിയിരുന്നു.
കൊടി മാറ്റിയത് പ്രകോപനമുണ്ടാക്കി
ഹെൽമെറ്റില്ലാത്തതിന് എസ്.എഫ്.ഐ പ്രവർത്തകരുടെ പേരിൽ പിഴയടിച്ചതിനാണ് നിധിന്റെ നേതൃത്വത്തിൽ പൊലീസ് ജീപ്പ് തകർത്തതെന്നും പ്രചാരമുണ്ടായിരുന്നു. നിധിൻ ജീപ്പിനു മുകളിൽ കയറി ചില്ല് അടിച്ചു തകർക്കുകയും ബോണറ്റിൽ കയറിയിരുന്ന് പൊലീസുകാരെ പരസ്യമായി അസഭ്യം പറയുകയുമായിരുന്നു.
ഐ.ടി.ഐ വളപ്പിൽ കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതോടെ എസ്.എഫ്.ഐ കൊടികൾ പൊലീസ് നീക്കം ചെയ്തിരുന്നു. ഇതും പ്രകോപനത്തിനിടയാക്കി. അതേസമയം, എസ്.ഐ അടക്കം അഞ്ചു പൊലീസുകാർ സഞ്ചരിച്ച വാഹനം ഒരു പ്രകോപനവുമില്ലാതെ പ്രവർത്തകർ ആക്രമിക്കുയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐയുടെ കാൽ ഒടിക്കും:
എസ്.എഫ്.ഐ നേതാവ്
ചാലക്കുടി: വിദ്യാർത്ഥികളെ അകാരണമായി കേസിൽ കുടുക്കുന്ന ചാലക്കുടി എസ്.ഐ അഫ്സലിന്റെ കാൽ തല്ലിയൊടിക്കും. വേണ്ടിവന്നാൽ തെരുവ് പട്ടിയെപ്പോലെ തല്ലും"- എസ്.എഫ്.ഐ പ്രതിഷേധ യോഗത്തിനിടെ കേന്ദ്ര കമ്മിറ്റിയംഗം ഹസൻ മുബാറക് നടത്തിയ പ്രസംഗം വിവാദമായി. ട്രങ്ക് റോഡ് ജംഗ്ഷനിലെ പ്രസംഗമാണ് ചർച്ചയായത്.പ്രസംഗത്തിന്റെ ആരംഭം മുതൽ അവസാനം വരെ എസ്.ഐയ്ക്കെതിരെ അസഭ്യവും വിളിച്ചു. ചാലക്കുടിയിലെ പ്രിൻസിപ്പൽ എസ്.ഐയെ തങ്ങൾ നോട്ടപ്പുള്ളിയാക്കിയതായും ഹസൻ മുബാറക് പറഞ്ഞു. പ്രസംഗഭാഗങ്ങൾ പിന്നീട് സമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.