കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിലെ ആല ഗോതുരുത്തിൽ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ടാങ്കർ ലോറിയിലോ അതല്ലെങ്കിൽ പൈപ്പ് ലൈൻ മുഖേനയോ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പി.എ.സീതി മാസ്റ്റർ, കെ.എ.ധർമ്മരാജൻ എന്നിവർ അഡ്വക്കേറ്റ് ഷാനവാസ് കാട്ടകത്ത് മുഖേന നൽകിയ ഹർജിയിലാണ് ഉത്തരവ്.
1981 ൽ നടപ്പാക്കിയ നാട്ടിക ഫർക്ക കുടിവെള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ജില്ലയിലെ 10 പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം നടപ്പാക്കിയത്. ഇതിൽ ജില്ലയുടെ തെക്കേ അറ്റത്തുള്ള ശ്രീനാരായണപുരം, എറിയാട് പഞ്ചായത്തുകളിലും ഈ പ്രൊജക്ടിന്റെ ഭാഗമായാണ് വെള്ളം ലഭിക്കുന്നത്. എന്നാൽ ആല ഗോതുരുത്തിൽ വർഷങ്ങളായി വെള്ളം ലഭിക്കുന്നില്ല. ഇതുസംബന്ധിച്ച് ധാരാളം നിവേദനം ഗോതുരുത്ത് നിവാസികൾ കേരള വാട്ടർ അതോറിറ്റിക്കും ശ്രീനാരായണപുരം പഞ്ചായത്തിനും നൽകിയിരുന്നു.
ഇതിന് ഒന്നും ഫലമില്ലാതെ വന്നതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. നാട്ടിക ഫർക്ക കുടിവെള്ള പദ്ധതി മുഖേന നടപ്പാക്കിയ കുടിവെള്ള പദ്ധതിയിലെ പഴയ കോൺക്രീറ്റ് പൈപ്പുകൾ കാലഹരണപ്പെട്ടതാണ് വെള്ളം കിട്ടാത്തതിന് പ്രധാന കാരണം. ഈ പൈപ്പുകൾ മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഇതിനിടയിൽ നടത്തിയ ഇടക്കാല ഉത്തരവിലാണ് ആല ഗോതുരുത്തിൽ വെള്ളമെത്തിക്കാൻ ശ്രീനാരായണപുരം പഞ്ചായത്ത്, തൃശൂർ ജില്ലാ പഞ്ചായത്ത്, കേരള വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ എന്നിവർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്.